പൂനെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. 'മണ്ടന്മാർ ലണ്ടനിൽ' എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻ സിറ്റിയുമായ പൂനെയിലാണ് ചിത്രീകരണം.
advertisement
ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂനെ. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ സജീവമാണ്. പൂനെ നഗരം അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യൻ അന്തിക്കാട് നടത്തിയത്.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനെയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഊഷ്മളമായ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു.
സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ. ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി.
ഗാനങ്ങൾ - മനു മഞ്ജിത്ത്, സംഗീതം - ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് നാരായണൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി; പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, സ്റ്റിൽസ് - അമൽ സി. സദർ.