ചങ്ങലയിൽ ബന്ധനസ്ഥനായ യുവാവ്, ഇരുട്ടറയാണോ തടവറയാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത അന്തരീക്ഷം. അശരീരിയായി കേട്ടുതുടങ്ങുന്ന ശബ്ദം. ഒച്ച, അലർച്ച, ഭീതി എന്നിവയുടെ നിഴലാട്ടം ഇതൊക്കെയാണ് ഭ്രമയുഗം ട്രെയിലറില്‍ പ്രേക്ഷകര്‍ കണ്ടത്. അവസാനനിമിഷങ്ങളില്‍ ആരാധകരെ അടക്കം അമ്പരപ്പിച്ച മമ്മൂട്ടിയുടെ ആ ചിരി ട്രെയിലര്‍ റിലീസിന് ശേഷം വൈറലായിരുന്നു.
ഇതാദ്യമായല്ല മമ്മൂട്ടി പ്രേക്ഷകരെ തന്‍റെ ചിരികൊണ്ട് അമ്പരപ്പിച്ചിട്ടുള്ളത്. ഭയവും പ്രണയവും കുസ്യതിയും നിറഞ്ഞ എത്രയെത്ര മമ്മൂട്ടി ചിരികളാണ് ഇക്കാലയളവില്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞത്. ഇക്കൂട്ടത്തില്‍ നിങ്ങളുടെ മമ്മൂട്ടി ചിരി ഏതാണെന്ന് കണ്ടെത്താന്‍ പ്രേക്ഷകനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സിനിമ- എന്‍റര്‍ടൈന്‍മെന്‍റ് വെബ്സൈറ്റായ IMDb. മമ്മൂട്ടിയുടെ ചിരിരംഗങ്ങള്‍ കൂട്ടിചേര്‍ത്ത 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് IMDb ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
advertisement
ഭ്രമയുഗത്തിന് പുറമെ, വിധേയന്‍, അമരം, മതിലുകള്‍, തനിയാവര്‍ത്തനം, ഷൈലോക്ക്, രാജമാണിക്യം, പേരന്‍പ്, ദളപതി, ഉണ്ട, നമ്പര്‍ 20 മദ്രാസ് മെയില്‍, മൃഗയ, മുന്നറിയിപ്പ്, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഐതിഹ്യമാലയിലെ കുഞ്ചമണ്‍ പോറ്റി എന്ന മന്ത്രവാദിയുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന് വാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
