പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനാണ് മുൻതൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ടുപേർ. പത്രിക നൽകിയെങ്കിലും ജഗദീഷും ജയൻ ചേർത്തലയും രവീന്ദ്രനും പിന്മാറിയതയാണ് വിവരം. ഇത്തവണ വനിതാ പ്രസിഡൻറ് വേണമെന്ന സംഘടനയിലെ പൊതുവികാരവും ശ്വേതയ്ക്ക് അനുകൂലമാണ്. വനിതാ പ്രസിഡൻറ് വരട്ടെയെന്ന തരത്തിൽ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ശ്വേത ജയിച്ചാൽ അമ്മയുടെ ആദ്യ വനിതാ പ്രസിഡൻറ് എന്ന പദവിയും ഇവരെ തേടിയെത്തും.
പത്രിക പിൻവലിച്ച രവീന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കും എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ബാബുരാജ്. ആരോപണ വിധേയരായ ആളുകൾ മത്സരിക്കുന്നുണ്ട് എങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ കഴിയുമെന്ന് നടൻ ദേവൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ മത്സരത്തിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്.
advertisement
കേരളത്തിലെ സിനിമാ സംഘടനകൾ ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്താനിരിക്കുകയാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) എന്നിവയിലേക്കുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിലെ വർധനവാണ് ഈ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
അഭിനേതാക്കളായ ശ്വേത മേനോൻ, അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ എന്നിവർ അസോസിയേഷന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. കൂടാതെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമ്മാതാവ് സാന്ദ്ര തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരും ലക്ഷ്മി പ്രിയയും മത്സരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Summary: Actors Shwetha Menon, Devan Ramachandran and Anoop Chandran are in the race to become president of Association of Malayalam Movie Artistes (AMMA), as the election finale is inching closer