ഭാഷയറിയാത്ത നാടായ ശ്രീഹള്ളിയിലൂടെ മാണിക്യനെ ചുറ്റിച്ച്, മെല്ലെ മെല്ലെ അവന്റെ മനസ്സിൽ കയറിക്കൂടിയ കാർത്തുമ്പി (തേന്മാവിൻ കൊമ്പത്ത്), ഇല്ലായ്മകൾ ഒത്തിരിയെങ്കിലും അവിടെയും കറയറ്റ പ്രണയത്തിന് തടസമേതും ഇല്ലെന്നു തെളിയിച്ച ദാസനും രാധയും (നാടോടിക്കാറ്റ്), സ്വന്തബന്ധങ്ങൾക്കായി സ്വയം പണയപ്പണ്ടമായി മാറിയ ഐ.എ.എസുകാരൻ ബാലചന്ദ്രന് രണ്ടാമൂഴത്തിലും സ്വന്തമാക്കാൻ കഴിയാതെപോയ, ഉത്തരമില്ലാത്ത പക്ഷേകൾ മാത്രം ബാക്കിയാക്കി അയാൾ സ്നേഹിച്ച മുറപ്പെണ്ണ് നന്ദിനി (പക്ഷേ), അനുജത്തിയുടെ ചേട്ടച്ഛനായി മാറേണ്ടിവന്നപ്പോൾ പ്രണയിനി മീരയെ കൂടെക്കൂട്ടാൻ പറ്റാതെപോയ ഉണ്ണികൃഷ്ണൻ (പവിത്രം), ആമുഖം ആവശ്യമില്ലാത്ത ഡോ. സണ്ണിയും ഗംഗയും (മണിച്ചിത്രത്താഴ്).
advertisement
ഇന്നത്തെ തലമുറ 90s കിഡ്സ് എന്ന് വിളിക്കുന്ന സിനിമാ പ്രേമികൾക്ക്, അതുമല്ലെങ്കിൽ മോഹൻലാൽ ശോഭന ഫാൻസിന്, ഇവർ സ്‌ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം ലഭിച്ചത് പളുങ്കുമണി പോലെ മിന്നിത്തിളങ്ങുന്ന ഒരുപിടി കഥാപാത്രങ്ങൾ. അതിൽ മികച്ചതേത് എന്ന് ചോദിച്ചാൽ കുഴഞ്ഞതുതന്നെ. അപ്പോഴിതാ, ജീവിതത്തിന്റെ മറ്റൊരു പകുതിയിൽ രണ്ടു മക്കളുടെ അച്ഛനമ്മമാരായ ഷണ്മുഖനും ലളിതയുമായി അവർ വീണ്ടും സ്‌ക്രീനിൽ. കുടുംബനാഥനായ മോഹൻലാലിനോട് മലയാളിക്ക് പ്രത്യേക സ്നേഹവാത്സല്യങ്ങൾ അന്നും ഇന്നും ഉണ്ടെന്ന തിരിച്ചറിവ് 'തുടരും' എന്ന് മനസിലാക്കിയ ഒരാളുണ്ടിവിടെ; സംവിധായകൻ തരുൺ മൂർത്തി.
ഇതിനു മുൻപ് 'ഫാമിലി മാൻ' ആയ മോഹൻലാലിനെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിൽ, അത് ദൃശ്യത്തിലെ ജോർജ് കുട്ടിയെ അല്ലാതെ മറ്റാരെയുമല്ല. കാരണം ഇതൊന്നു മതി, വീണ്ടും ചില വീട്ടുകാര്യങ്ങളുമായി അദ്ദേഹം വരുമ്പോൾ ഷണ്മുഖനെ ജോർജ് കുട്ടിയുമായി താരതമ്യം ചെയ്യാൻ. അത്രത്തോളം പഞ്ച് പ്രതീക്ഷിക്കാൻ.
ദൃശ്യത്തിൽക്കണ്ട ചില എലിമെന്റുകൾ അതുപോലെ കടമെടുത്തിട്ടുണ്ട്, എന്നാൽ മറ്റൊരു ദൃശ്യമെന്ന് വിളിക്കാൻ കഴിയുകയില്ല താനും. അവിടെയാണ് 'തുടരും' വ്യത്യസ്തമാവുക. സിനിമയുടെ ആദ്യ ഹാഫുകളിലെ മോഹൻലാൽ സ്തുതി കണ്ട് മറ്റൊരു ആറാട്ടിനുള്ള പടപ്പുറപ്പാടാണോ എന്ന് കരുതി ബാല്യ-കൗമാര-യൗവന-വാർദ്ധക്യങ്ങൾ തിയേറ്ററിൽ ഇരുന്ന് ഒന്ന് പകച്ചുപോയില്ലേ? ആദ്യകാല മോഹൻലാൽ പടങ്ങളുടെ സ്റ്റില്ലുകൾ, അനുബന്ധ പരാമർശങ്ങൾ, 'ചേട്ടന് മുണ്ടുമടക്കി മീശപിരിച്ച് അടിച്ചുകൂടെ', ലളിതയുടെ വക 'കുറച്ചു കഞ്ഞിയെടുക്കട്ടെ', 'വെട്ടിയിട്ട വാഴത്തണ്ടു പോലെ കിടക്കാതെ' തുടങ്ങിയ ഡയലോഗുകൾ ക്രിൻജ് ആയിപ്പോയില്ലേ എന്നൊക്കെ തോന്നിയേക്കാം. അങ്ങനെ തോന്നേണ്ട ആവശ്യമില്ലായിരുന്നു എന്ന് പോകെപ്പോകെ മനസിലായിക്കോളും. പ്രത്യേകിച്ച് രണ്ടാം പകുതി കയറുന്നതിനു മുൻപ് ശ്വാസമടക്കിപ്പിടിച്ചിരുന്നോണം.
'ജോർജ് കുട്ടി കഥ'യിലെന്ന പോലെ, ഷണ്മുഖനും ഉണ്ട് ഒരു ഭാര്യയും രണ്ടു മക്കളും ചേരുന്ന ചെറു കുടുംബം. ആർഭാടം ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാനുള്ള ചുറ്റുപാട്. ഇടത്തരം വീട്. അവർ പോലും കാരണക്കാരാവാതെ സന്തുഷ്‌ട കുടുംബത്തെ പിടിച്ചുലയ്ക്കാൻ പാകത്തിൽ അവർക്കിടയിൽ വന്നുഭവിക്കുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളും, തകിടം മറിയുന്ന ജീവിതങ്ങളും. പിന്നെ രണ്ടിടങ്ങളിലും നിർണായകമായോ മാറിയ ഒരു കാറും. ചില വ്യത്യാസങ്ങൾ എടുത്തുപറയാമെങ്കിലും, സ്വന്തം കുടുംബത്തിനായി ഷണ്മുഖനും പോകും, ഏതറ്റം വരെയും.
ഹെലികോപ്റ്ററിൽ ഇറങ്ങി, മണലാരണ്യത്തിലൂടെ ബ്രാൻഡഡ് കോട്ടിട്ട് നടന്നും, ബാഹുബലി സെറ്റപ്പിൽ ശത്രുക്കളെ ചറപറാന്നു വെടിവച്ചിടാൻ പാകത്തിന് ടീം ഉണ്ടായിട്ടും പ്രേക്ഷകരിലേക്ക് പകരാൻ കഴിയാത്ത തൃപ്തി ഒരു പഴയ അംബാസിഡർ കാർ ഓടിക്കുന്ന, ഒരുകാലത്ത് സിനിമാ ഫൈറ്റ് സീനുകളിലെ എക്സ്ട്രാ ആയിരുന്ന റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷണ്മുഖന് നൽകാൻ കഴിയും. സ്ക്രിപ്റ്റ് പിഴച്ചാൽ എല്ലാം പിഴച്ചു എന്ന് പ്രേക്ഷകർ മനസിലാക്കാൻ നിമിഷങ്ങൾ മതി. അതറിഞ്ഞുതന്നെ, കുറെയേറെ കോടികൾ ഉരുക്കി ഒഴിച്ചും വിളക്കിച്ചേർത്തുമല്ല സിനിമ നിർമിക്കാൻ എന്ന് തിരക്കഥ തയാറാക്കിയ കെ.ആർ. സുനിലിനും സംവിധായകനായ തരുൺ മൂർത്തിക്കും അറിയാം. സ്ക്രിപ്റ്റിന്റെ മർമ്മപ്രാധാന്യം അറിഞ്ഞ കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ.
എറിയാൻ അറിയാവുന്നയാളിന്റെ കയ്യിൽ കിട്ടിയാൽ, പ്രായഭേദമന്യേ കാണികളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കാൻ ഫാമിലി, ക്രൈം ഡ്രാമയിയെക്കാളും മികച്ചൊരു കല്ലുണ്ടോ? അതും അറിഞ്ഞുവച്ചുള്ള പൂണ്ടുവിളയാട്ടം കാണാൻ തയാറെടുത്തോ. ഫാമിലി മാൻ ആയെന്നു കരുതി പാലും പഴവും തക്കാളിയും വാങ്ങി വീട്ടുകാരിക്ക് കൊടുക്കുന്ന ഭർത്താവായാലോ, മക്കൾക്കൊപ്പം ഇരുന്ന് ചോറുണ്ണുന്ന അച്ഛനായാലോ മതിയാവില്ല മലയാളിക്ക്. മാസ് വേണം. ഫൈറ്റ് വേണം, അതും മുണ്ടുമടക്കിത്തന്നെ വേണം. അതുമുണ്ട്.
പിന്നെ, മോഹൻലാൽ മാസ് ആക്ഷൻ കാണിച്ചാൽ ജനം അവിടെയെല്ലാം കയ്യടിച്ച് ഡയലോഗ് കേൾപ്പിക്കാറില്ലല്ലോ. അതുകൊണ്ട് ആ ഭാഗങ്ങളിൽ ഡയലോഗിന് പകരം ബാക്ഗ്രൗണ്ട് നിറഞ്ഞു. ജെയ്ക്സ് ബിജോയ് ഇതിനായി അക്ഷീണം പണിപ്പെട്ടിരിക്കുന്നു. കൂടെ കട്ടയ്ക്ക് നിൽക്കാൻ ഒരു ചെറു മുടിനാരിന്റെ അനക്കം കൊണ്ടുപോലും അഭിനയിച്ചു കാട്ടുന്ന മോഹൻലാലും. പോരേ പൂരം.
മോഹൻലാലിന്റെ പഴയ ഡയലോഗിൽ നിന്നും അൽപ്പം കടമെടുത്തു കൊണ്ട് പറയട്ടെ, 'എന്തുകൊണ്ടും പ്രേക്ഷകർ സ്നേഹിക്കുന്ന, ജീവസും ഓജസുമുള്ള ഈ ലാലേട്ടനെ' തിരിച്ചു തരികയാണ് തരുൺ മൂർത്തി. ഇതാ പിടിച്ചോ.
പിന്നെ കണ്ടിരുന്ന പ്രേക്ഷകർക്ക് 'കയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിച്ചേനേ' എന്ന് തോന്നിയ രണ്ടു പേരെ പറയാതിരിക്കാൻ കഴിയില്ല, പോലീസ് വേഷങ്ങളിലെ ബെന്നി സാറായ ബിനു പപ്പുവും ജോർജ് സാറായ പ്രകാശ് വർമയും. ഇവർ അഭിനയിച്ചു വെറുപ്പിച്ചു എന്നല്ല, ആ കഥാപാത്രങ്ങൾക്ക് അവർ നൽകുന്ന പൂർണതയിൽ കണ്ടിരിക്കുന്നവർക്ക് ആ റോളുകളോട് തോന്നുന്ന കലിപ്പ് അടക്കാൻ ഇത്തിരി പ്രയാസമാണ് എന്നേയുദ്ദേശിച്ചുള്ളൂ. ബിനു പപ്പുവിന്റെ നോട്ടത്തിലും മാനറിസത്തിലും അച്ഛൻ കുതിരവട്ടം പപ്പുവിന്റെ ഭാവപ്പകർച്ചകൾ എവിടെയെല്ലാമോ തെളിയുന്നു. 'അഖിലേഷേട്ടനല്ലേ' എന്ന വാചകം മറന്നില്ലല്ലോ അല്ലേ? സ്ഥിരം തരുൺ മൂർത്തി ഫാക്ടർ ആയ ബിനുവിന് ഈ കാക്കിയും നന്നായി ഇണങ്ങും. പഴയ വൊഡാഫോൺ സൂസൂമാരെ സമ്മാനിച്ച പരസ്യചിത്രകാരൻ പ്രകാശ് വർമ്മ ആൾക്കൂട്ടത്തിലേക്ക് ഇങ്ങനെ ഒരു ദിവസം വന്നിറങ്ങും എന്ന് സ്വപ്നത്തിൽപ്പോലും നിനച്ചിരിക്കില്ല.
നായികയെങ്കിലും, ശോഭനയ്ക്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പണ്ടത്തെ കാർത്തുമ്പിക്കോ, രാധയ്ക്കോ, ഗംഗയ്‌ക്കോ ലഭിച്ച പോലത്തെ അവസരങ്ങൾ 'തുടരും' ൽ ഇല്ലെങ്കിലും, തമിഴ് ചുവയ്ക്കുന്ന മലയാളം പറയുന്ന, കുറ്റം കാണുമ്പോൾ പിറുപിറുത്തുകൊണ്ട് തന്റെ കടമ നിർവഹിക്കുന്ന വീട്ടമ്മയുടെ റോളിലേക്ക് ശോഭന എന്ന ചോയിസ് തെറ്റിയില്ല.
ഇനി ക്യാമറ, ലൊക്കേഷൻ, ലൈറ്റ്, സൗണ്ട്, എഡിറ്റിംഗ് ഇത്യാദികളെ പറ്റി പറഞ്ഞില്ലെന്നു വേണ്ട, എല്ലാം സൂപ്പറാ. ഒപ്പം, തന്റെ സിനിമ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ പോയ എഡിറ്റർ നിഷാദ് യൂസഫിന്റെ ഓർമ്മകൾ പതിഞ്ഞ കട്ടുകളും.
ഇത്രയും ഒക്കെ ഉണ്ടായിട്ടും ഹെലികോപ്ടറില്ല, അമ്പും വില്ലും മെഷീൻ ഗണ്ണും ഇല്ല, പാവപ്പെട്ട ഷണ്മുഖന് ഒരു സ്പ്ലെൻഡറേ ഉള്ളൂ എന്ന് ആദ്യമേ പറഞ്ഞ് വിനയാന്വിതനായി നിൽക്കാൻ മനസ് കാട്ടിയ സംവിധായകൻ മിസ്റ്റർ തരുൺ മൂർത്തീ, കുറിച്ചുവച്ചോളൂ, താങ്കൾക്ക് ഇതിനുള്ള മറുപടി ഇവിടെ നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ വരുംദിവസങ്ങളിൽ 'തുടരും' ഓടുന്ന തിയേറ്ററുകളിൽ ഇടിച്ചുകയറി തന്നോളും. നല്ല ഫൈവ് സ്റ്റാറ് പടം.
