TRENDING:

Varshangalkku Shesham review | അതേന്നേ, രണ്ടുവർഷങ്ങൾക്ക്‌ ശേഷം അവർ രണ്ടും കല്പിച്ചുള്ള വരവ് തന്നെ; 'വർഷങ്ങൾക്ക് ശേഷം' റിവ്യൂ

Last Updated:

ഒരു കുറ്റം എങ്കിലും കണ്ടുപിടിക്കാൻ കഷ്‌ടപ്പെട്ടു പണിയെടുത്താലും നടക്കാത്ത ഒരു പടം. യൂത്തന്മാരുടെ ആറാട്ട്, അഴിഞ്ഞാട്ടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#Meera Manu
വർഷങ്ങൾക്ക് ശേഷം
വർഷങ്ങൾക്ക് ശേഷം
advertisement

1970 കാലഘട്ടത്തിൽ സിനിമയും സംഗീതവും സ്വപ്നങ്ങളുമായി തെന്നിന്ത്യയുടെ ഹോളിവുഡായ കോടമ്പാക്കത്തേക്ക് തീവണ്ടി കയറിയ രണ്ടു ചെറുപ്പക്കാർ. ശ്രമം കൊണ്ട് ഒരാൾ വളർന്നു പടർന്നു പന്തലിക്കുമ്പോൾ, മറ്റൊരാൾ ജീവിതമെന്ന ബർമുഡ ട്രയാങ്കിളിൽ അകപ്പെട്ടു പോകുന്നു. രണ്ടു പകുതികളിലായി അവരുടെ യൗവനവും വാർധക്യവും. ഇവിടെ പറഞ്ഞു നിർത്താൻ സാധിക്കുന്ന ഒരു വൺലൈനർ, കഥകളും ഉപകഥകളുമായി സിനിമയ്ക്കുള്ളിലെ സിനിമയായി മാറ്റിയാൽ കാലഘട്ടം എങ്ങനെ സ്വീകരിക്കും? കഥയിലെ പുതുമയെന്ത്? വീണ്ടും ഒരു ഉദയഭാനുവിനെയും സരോജ് കുമാറിനെയും കൊണ്ട് വരുന്ന 'നെപ്പോ കുണുവാവകൾ' എന്ന് വിളിവരും എന്ന പൂർണബോധ്യമുള്ള ഒരാൾ സംവിധായകനും മറ്റുരണ്ടുപേർ നായകന്മാരുമാണിവിടെ. ഒരാൾ ഡ്രൈവർ സീറ്റിൽ സ്റ്റിയറിംഗ് തിരിക്കുമ്പോൾ, വണ്ടി എങ്ങനെ പോണം എവിടെ ആളെ കേറ്റണം, എപ്പോൾ നിർത്തണം എന്ന് മണിയടിക്കാൻ ആ രണ്ടുപേരും കൂടി പഠിച്ചാൽ, ഈ കഥയുടെ ഉള്ളിൽ, ഉള്ളിന്റെ ഉള്ളിൽ ഒന്നും ഇല്ലാതെയുള്ള വരവല്ല. വിനീതും പ്രണവും അവരുടെ ഫുൾ ടീമും ചേർന്നുള്ള ഒരൊന്നൊന്നര വരവാണ് 'വർഷങ്ങൾക്ക് ശേഷം'.

advertisement

കൂത്തുപറമ്പിലെ നാടകവേദികൾ സ്വർഗമായിക്കണ്ട് ജീവിക്കുന്ന വേണുവും (ധ്യാൻ ശ്രീനിവാസൻ), അവന്റെ സുഹൃത്തായി മാറുന്ന മുരളിയും (പ്രണവ് മോഹൻലാൽ) ഒന്നിച്ചു കണ്ട കിനാവുകളിലേക്ക് സിനിമാ കാഴ്ച വഴിതുറക്കുന്നു. ജീവിതത്തിൽ വേറെ ഒന്നുമില്ലെങ്കിലും, നാടും നാട്ടുകാരും നാടകവും കൊണ്ട് ജീവിക്കാമെന്ന അതിമോഹമില്ലാത്ത രണ്ടു ചെറുപ്പക്കാർ. ആരംഭത്തിൽ അവകാശവാദമോ പ്രതീക്ഷയോ നിരത്താതെയുള്ള ചില രംഗങ്ങൾ. അത്യാവശ്യം സൗഹൃദം, പ്രണയം, സംഗീതം എല്ലാം ചേർന്നുള്ള തുടക്കം. പലയിടങ്ങളിലും മോഹൻലാലുമായി സമാനത തോന്നുന്ന ആംഗിളിൽ നിന്നുള്ള പ്രണവിന്റെ ഫ്രയിമുകൾ ആവർത്തിക്കുന്നോ എന്ന് തോന്നുന്ന നിമിഷങ്ങൾ കാണുന്നുവെങ്കിൽ, അതിൽ നിന്നും സ്ക്രിപ്റ്റ് പാരച്യൂട്ടിലേറി പറക്കുന്ന ഉയരങ്ങൾ വരാനിരിക്കുന്നേയുള്ളൂ എന്ന് മനസിലാക്കുക.

advertisement

ഓടിത്തേഞ്ഞ ഫസ്റ്റ് ഹാഫ് ഉണ്ടാക്കി, രണ്ടാം പകുതിയിൽ എന്തെല്ലാമോ വരും എന്ന് കാണുന്നവർക്ക് പ്രതീക്ഷ കൊടുക്കുന്ന പതിവുപല്ലവി ഇവിടെ നടക്കില്ല. മുഷിപ്പിക്കാത്ത രണ്ടു പകുതികൾ ചേർത്തുവച്ചുള്ള ഉറപ്പുള്ള കെട്ടാണിത്. അച്ഛന്റെ മകൻ, താരപുത്രൻ തുടങ്ങിയ വിളിപ്പേരുകളിൽ തുടങ്ങി, ക്യാമറയോട് അത്ര പരിചയമില്ലാതെ,ആദ്യ നായക ചിത്രം ആദിയിൽ പാർക്കർ സ്റ്റണ്ടിൽ പിടിച്ചു തൂങ്ങിയ പ്രണവിനെ അങ്ങ് മറന്നേക്കുക. ഇവിടെ മുതൽ പ്രണവിന് സ്വന്തം ഐഡന്റിറ്റി മലയാള സിനിമ നൽകിയേ പറ്റൂ. 'ഹൃദയത്തിൽ' ആ വഴിത്തിരിവിന്റെ അനക്കം കേട്ട് തുടങ്ങിയെങ്കിൽ, അത് പ്രണവിന്റെ ഉള്ളിലെ നടൻ സടകുടഞ്ഞെഴുന്നേൽക്കുന്നതിനു മുൻപേയുള്ള സൂചനയായിട്ടുവേണം കരുതാൻ.

advertisement

ചെറുപ്പക്കാരനും, പിന്നീട് വയോധികനുമായ സംഗീതജ്ഞൻ മുരളിയെ ഇരുത്തംവന്ന നടന്റെ കൈകളിലേക്കാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ ഏല്പിച്ചത്. എവിടെയും ഒന്നും അധികമാവാതെയോ കുറഞ്ഞുപോകാതെയോ നോക്കാൻ പ്രണവ് എന്ന നടനിൽ നിക്ഷിപ്തമായ ചുമതല അത്രമേൽ ഭംഗിയായി അദ്ദേഹം നിർവഹിച്ചിരിക്കുന്നു. ഒരു പടത്തിൽ 'ബോംബ് നിർവീര്യമാക്കി' എന്ന് സ്വയം ട്രോളിയ ധ്യാൻ ശ്രീനിവാസനെ ഉപയോഗിക്കേണ്ട വിധം അറിയാവുന്ന സംവിധായകന്റെ കയ്യിൽ കിട്ടിയാൽ എങ്ങനെയിരിക്കും എന്നതിന്റെ തെളിവാണ് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ സംവിധായകൻ വേണു കൂത്തുപറമ്പ്.

advertisement

എന്നോ കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ പുനർനിർമിതിയിൽ ചരിത്രവും കലാബോധവും ഒത്തിണക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതായി കാണാം. സിനിമാ മോഹവുമായി നടക്കുന്നവരും സിനിമയിൽ ഒരു ചെറിയ പിടിവള്ളിയെങ്കിലും കിട്ടിയവരും ഒരുകാലത്ത് താവളമാക്കിയ കോടമ്പാക്കത്തെ കുറഞ്ഞ സൗകര്യങ്ങളിലെ ലോഡ്ജിനെ കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ സിനിമയുടെ റിയലിസ്റ്റിക് വശത്തിന് കൂടുതൽ ശക്തിപകരുന്നു. ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ ആ നല്ലകാലത്തെ സിനിമയിൽ കണ്ടാസ്വദിക്കാം.

പ്രണവും ധ്യാനും മത്സരിച്ചഭിനയിച്ചെങ്കിൽ, കേവലം മിനിറ്റുകൾ മാത്രമുള്ള കാമിയോയിലൂടെ ഒരു നടനെ തിരികെക്കൊണ്ടുവരാൻ എങ്ങനെ പറ്റും എന്ന് നിതിൻ മോളി എന്ന നിവിൻ പോളി കഥാപാത്രം കാണിച്ചു തരും. സെൽഫ് ട്രോൾ സെറ്റ് ചെയ്ത് നിവിനോട് 'അഴിഞ്ഞാടിക്കോടാ മോനേ, ആക്ഷൻ' എന്ന് മാത്രം പറഞ്ഞ് നിവിനെ ക്യാമറയുടെ മുന്നിലേക്ക് തള്ളിവിട്ട ജോലി മാത്രമേ സംവിധായകൻ വിനീത് ചെയ്തുള്ളൂ എന്ന് തോന്നിപ്പോകും. വണ്ണം വച്ചതിന് ബോഡിഷെയിം ചെയ്തവർക്ക് ഉപ്പേരിയും പച്ചടിയും കിച്ചടിയും ഓലനും കാളനും ചേർത്തുള്ള ഉരുളകൾ നിവിൻ ഉരുട്ടി കൊടുത്തിട്ടുണ്ട്.

കല്യാണി പ്രിയദർശൻ, നിതാ പിള്ള എന്നിവർക്ക് സ്ക്രിപ്റ്റിൽ വലിയ ഇടപെടലുകൾ ആവശ്യം വരുന്നില്ല എങ്കിലും, ചില നിർണായക വഴിത്തിരിവുകളിൽ ഇവർക്ക് റോളുണ്ട്. വൈ.ജി. മഹേന്ദ്രൻ, ദീപക് പരമ്പോൽ, ഷാൻ റഹ്മാൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നീരജ് മാധവ് എന്നിവരുടെ വേഷങ്ങളും സിനിമയുടെ രസം നിലനിർത്തിയതിൽ നിർണായകമായ വേഷങ്ങളാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കല, ക്യാമറ, സംഗീതം, അഭിനയം, നിർമാണം (ഒരുപക്ഷേ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്തെങ്കിൽ, ഒരു തലേക്കെട്ടും) വരെ എല്ലാം ഒന്നിനൊന്നു കിടപിടിക്കുന്ന തരത്തിൽ, ഒരു കുറ്റം എങ്കിലും കണ്ടുപിടിക്കാൻ കഷ്‌ടപ്പെട്ടു പണിയെടുത്താലും നടക്കില്ല എന്ന നിലയിൽ, ഈ സിനിമയെ കെട്ടിയുയർത്തിയ ടീം വിനീത് ശ്രീനിവാസനിരിക്കട്ടെ ഒരു കയ്യടി. കാരണം മറ്റൊന്നുമല്ല, ആബാലവൃദ്ധം ജനങ്ങളെയും തിയേറ്ററിൽ കയറ്റണം എന്നിവർക്ക് അതിയായ മോഹമുണ്ട്, അത്രതന്നെ.

മലയാളം വാർത്തകൾ/ വാർത്ത/Film/
Varshangalkku Shesham review | അതേന്നേ, രണ്ടുവർഷങ്ങൾക്ക്‌ ശേഷം അവർ രണ്ടും കല്പിച്ചുള്ള വരവ് തന്നെ; 'വർഷങ്ങൾക്ക് ശേഷം' റിവ്യൂ
Open in App
Home
Video
Impact Shorts
Web Stories