ഗായകൻ, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ വിദ്യാധരൻ മാസ്റ്റർ മലയാള സിനിമയിൽ നിറഞ്ഞിട്ട് വർഷങ്ങൾ എത്രയായി എന്ന് എണ്ണിനോക്കിയാൽ, 40 എന്ന സംഖ്യ തെളിഞ്ഞു വരും. പക്ഷേ, അംഗീകാരം ആ കൈകളിലേക്കെത്താൻ 2024വരെ കാത്തിരിക്കേണ്ടി വന്നു. ജീവിതത്തിലേക്ക് നോക്കിയാൽ, ആയിരം പൂർണ ചന്ദ്രന്മാരെ കാണാൻ അദ്ദേഹത്തിന് ഇനി കേവലം ഒരു വർഷം മാത്രം ബാക്കി.
'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയിലെ 'പതിരാണെന്ന് ഓർത്തൊരു കനവിൽ' എന്ന ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്കാണ്. പ്രമേയത്തിന്റെ എല്ലാ വൈകാരിക ഭാവങ്ങളെയും ശബ്ദത്തിലേക്ക് ആവാഹിച്ച സംഗീത മികവിനാണ് പുരസ്‌കാരം. ഒരുപക്ഷെ ഇനിയും, ഹിറ്റ് ചാർട്ടുകളിൽ എത്തിയിട്ടില്ലാത്ത ഈ ഗാനത്തേക്കാൾ വളരെ വർഷങ്ങൾക്ക് മുൻപേ അദ്ദേഹം ജീവൻ പകർന്ന എത്രയെത്ര ഗാനങ്ങൾ മലയാളിയുടെ ആസ്വാദന തലങ്ങളെ സ്പർശിച്ചിരിക്കുന്നു!
advertisement
'ബലിയാടുകൾ' നാടകമാണ് വിദ്യാധരൻ മാസ്റ്റർ എന്ന് സംഗീത ലോകം ബഹുമാനത്തോടെ വിളിക്കുന്ന പി.എസ്. വിദ്യാധരൻ എന്ന സംഗീത അതികായനെ സ്വതന്ത്ര സംഗീത സംവിധായകനാക്കി മാറ്റിയത്. ഹാർമോണിയവുമായി വീടുകൾ തോറും സംഗീതം പഠിപ്പിച്ചിരുന്ന മുത്തച്ഛൻ കൊച്ചക്കൻ ആശാനാണ് സംഗീതത്തിലെ ആദ്യഗുരു. ഇരിഞ്ഞാലക്കുട ഗോവിന്ദൻകുട്ടി പണിക്കർ, ആർ. വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നിവരിൽ നിന്നും അദ്ദേഹം തുടർന്നും സംഗീതം അഭ്യസിച്ചു.
തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത സംഗീത പ്രതിഭയെ അംഗീകരിക്കാൻ എന്തിത്ര വൈകിയെന്ന ചോദ്യം ആർക്കും മനസ്സിൽ നിറഞ്ഞേക്കാം. ഒ.എൻ.വി. കുറുപ്പ്, എസ്. രമേശൻ നായർ, പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് എപ്പോഴെല്ലാം വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയോ, അപ്പോഴെല്ലാം മലയാള സിനിമയ്ക്ക് പിറന്നത് ഒന്നിലേറെ ഹിറ്റുകൾ.
വീണ പൂവിലെ 'നഷ്‌ടസ്വർഗങ്ങളേ...', അച്ചുവേട്ടന്റെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം...', കാണാൻ കൊതിച്ചു എന്ന സിനിമയിലെ 'സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം' തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്ത്തുപാട്ടുകള്‍, വള്ളംകളിപ്പാട്ടുകള്‍, ചക്രംചവിട്ടുപാട്ടുകള്‍, തേക്കുപാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, തുയിലുണര്‍ത്തുപാട്ടുകള്‍ എന്നിവയുടെ ശീലുകൾ വിദ്യാധരൻ മാസ്റ്ററിലൂടെ മലയാള സിനിമയിലും, അതിലൂടെ ശ്രോതാക്കളിലേക്കും എത്തിച്ചേർന്നു.
ദക്ഷിണാമൂർത്തി സ്വാമി, ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ എന്നിങ്ങനെ സംഗീത ലോകത്തെ പ്രഗത്ഭ ഗായകർ പലരും മാസ്റ്റർക്കായി പാടിയിട്ടുണ്ട്.