എന്നാൽ, പുതിയ വിശേഷം ഇതൊന്നുമല്ല. ലാ കാസ ഡി പേപ്പൽ എന്ന പേരിലുള്ള മണി ഹീസ്റ്റ് മൂന്നാമത്തെ സീസണിൽ പ്രശസ്ത ഫുട്ബോൾ താരം നെയ്മറും എത്തുന്നുണ്ട്. 2019 ജൂലൈയിലാണ് മണി ഹീസ്റ്റിന്റെ മൂന്നാമത്തെ സീസൺ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പക്ഷേ, ആരാധകർ പ്രൊഫസറിനെയും ബെർലിനെയും ശ്രദ്ധിക്കുന്നതിനിടെ ഞൊടിയിടയിൽ വന്നുപോയ നെയ്മറിനെ കണ്ടില്ല. മൂന്നാമത്തെ സീസണിൽ ആറും എട്ടും എപ്പിസോഡുകളിലാണ് നെയ്മർ പ്രത്യക്ഷപ്പെടുന്നത്.
advertisement
കഴുകൻ കണ്ണുകളുള്ള ആരാധകർക്ക് മാത്രമാണ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട നെയ്മറിനെ കണ്ടുപിടിക്കാൻ കഴിഞ്ഞത്. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷത്തിലാണ് നെയ്മർ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്നെ, മണി ഹീസ്റ്റിന്റെ കട്ടഫാനാണ് താനെന്ന് നെയ്മർ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ സന്യാസിയായ ജോവാഓ ആയാണ് നെയ്മർ എത്തുന്നത്.
ബെർലിനും പ്രൊഫസറുമായി സംസാരിക്കുന്ന നെയ്മറിനെ കാണാം. എന്നാൽ, നെയ്മറുമായി ഈ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല എന്നതാണ് രസം. വളരം കുറഞ്ഞ സമയം മാത്രമാണ് നെയ്മർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരാധകർക്ക് അദ്ദേഹത്തെ മിസ് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, പറയുന്ന ഡയലോഗ് ആണ് രസം. ഫുട്ബോളും പാർട്ടിയുമൊന്നും തനിക്ക് ഇഷ്ടമല്ലെന്നാണ് നെയ്മർ ഇതിൽ പറയുന്നത്. നെയ്മറിനെ കണ്ട ചില ആരാധകർ 'ഇത് നെയ്മർ തന്നെയാണോ' എന്ന് മൂക്കത്ത് വിരൽ വെച്ച് ഇരിക്കുകയും ചെയ്തു.
നെയ്മറിന്റെ നാട്ടിൽ സീരീസിന് വൻ ജനപ്രീതിയാണ്. എന്നാൽ, മണി ഹീസ്റ്റിൽ താനൊരു കൊച്ചുവേഷം ചെയ്യുന്ന കാര്യം നെയ്മർ 2019 ഓഗസ്റ്റിൽ ട്വീറ്റ് ചെയ്തിരുന്നു. ആ ട്വീറ്റ് ഇങ്ങനെ, 'എന്റെ വളരെ ഇഷ്ടപ്പെട്ട ഷോയിൽ ഒരു വേഷം ചെയ്യുകയെന്നുള്ള എന്റെ സ്വപ്നം സഫലമായിരിക്കുന്നു. ജോവാഓയെ നിങ്ങൾക്ക് മുമ്പിലേക്ക്". സീരീസിൽ ഈ ചെറിയ രംഗത്ത് മിന്നി മറയുന്നത് ഒഴിച്ചാൽ പുതിയ ഭാഗങ്ങളിലൊന്നും സന്യാസിയായ ജോവാഓ ഇല്ല. ഇതിനർത്ഥം നെയ്മർ അഭിനയം നിർത്തിയെന്നല്ല.
ഇത് ആദ്യമായല്ല നെയ്മർ അഭിനയരംഗത്ത് എത്തുന്നത്. 2017ൽ ആക്ഷൻ സിനിമയായ XXX: Return of Xander Cage ൽ ഒരു കുഞ്ഞു പ്രധാനവേഷത്തിൽ നെയ്മർ എത്തിയിരുന്നു. കൂടാതെ, 2012ൽ മറ്റൊരു ടിവി സീരീസിലും അദ്ദേഹം അഭിനയിച്ചിരുന്നു. 2017ൽ ഓസ് പാർകാസ് ബാക്ക് എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.