ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു രാജ് കൗശാൽ അന്തരിച്ചത്. രാജ് കൗശാലിന്റെ മരണം കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയ് പി ടി ഐയോട് സ്ഥിരീകരിച്ചു. രാജ് കൗശാലിന്റെ മരണമറിഞ്ഞ് അന്തിമോപചാരം അർപ്പിക്കാൻ അവരുടെ വീട്ടിലേക്ക് ആദ്യമെത്തിയത് രോഹിത് റോയിയുടെ മൂത്ത സഹോദരനും നടനുമായ റോണിത് റോയിയും ആഷിഷ് ചൗധരിയുമാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിൽ ഭർത്താവിന്റെ വിയോഗത്തിൽ തകർന്നു പോയ മന്ദിര ബേദിയെ ആശ്വസിപ്പിക്കുന്ന റോണിത് റോയിയെ കാണാവുന്നതാണ്.
advertisement
രാജ് കൗശാലിന്റെ പെട്ടെന്നുള്ള മരണം സിനിമാലോകത്തിനു തന്നെ ഞെട്ടലായിരിക്കുകയാണ്. നേഹ ധൂപിയ, മനോജ് ബാജ്പയി, ഒനിർ, ദിവ്യ ദത്ത, അർഷാദ് വാഴ്സി, ടിസ്ക ചോപ്ര എന്നു തുടങ്ങി നിരവധി താരങ്ങൾ കൗശാലിന്റെ വിയോഗത്തിലെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കഴിഞ്ഞയിടെ മന്ദിരയ്ക്കും രാജ് കൗശാലിനും ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രം പങ്കുവെച്ചാണ് നേഹ ധൂപിയ ദുഃഖം പങ്കുവെച്ചത്. 'രാജ്, നമ്മൾ ഈ ചിത്രം എടുത്തത് കൂടുതൽ കൂടുതൽ ഓർമകൾ സൃഷ്ടിക്കാനാണ്. ഇനി ഒരിക്കലും നീ ഞങ്ങളുടെ കൂടെ ഉണ്ടാകില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മന്ദിര, എന്റെ ശക്തയായ പെൺകുട്ടി, എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വീരിനും താരയ്ക്കും ഒപ്പമാണ് എന്റെ മനസ്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, സമാധാനത്തിൽ വിശ്രമിക്കൂ രാജ്' - സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു കൊണ്ട് നേഹ ധൂപിയ കുറിച്ചത് ഇങ്ങനെ.
സംവിധായകൻ ഒനിർ ആയിരുന്നു ആദ്യം രാജ് കൗശാലിന്റെ മരണ വാർത്ത അറിയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒനിർ ഇക്കാര്യം പങ്കുവെച്ചത്. 'വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിർമാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രമായ #MyBrotherNikhil ന്റെ നിർമാതാക്കളിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നു' - തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒനിർ കുറിച്ചത് ഇങ്ങനെ.
'മൈ ബ്രദർ...നിഖിൽ' എന്ന ചിത്രത്തിന്റെ നിർമാതാവ് ആയിരുന്നു രാജ്. 2004ൽ ഇറങ്ങിയ ഷാദി കാ ലഡൂ, 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭി കഭി സംവിധാനം ചെയ്തതും നിർമിച്ചതും രാജ് കൗശാൽ ആയിരുന്നു. 2006ലായിരുന്നു അവസാന സംവിധാനസംരംഭം പുറത്തിറങ്ങിയത്.
വിർ, താര എന്നിങ്ങനെ രണ്ടു മക്കളാണ് മന്ദിര ബേദി - രാജ് കൗശാൽ ദമ്പതികൾക്ക്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടാരത്തിന്റെ പകുതി വരെയും രാജ് കൗശാൽ സിനിമാ മേഖലയിൽ സജീവമായിരുന്നു.