പ്രതികൾ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാമത്തെ സംഘം യുഎഇയുടെ വ്യോമപരിധിയിൽ മിസൈൽ ആക്രമണങ്ങൾ തടയുന്നതിന്റെയും അതിന്റെ ആഘാതത്തിന്റെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ കാണാൻ ആളുകൾ തടിച്ചുകൂടുന്ന ദൃശ്യങ്ങളിൽ സൈനിക ആക്രമണം നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കമന്ററികളും ശബ്ദങ്ങളു ഇവർ ചേർത്തു. ഇത് അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടാൻ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രണ്ടാമത്തെ സംഘം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ മുൻപ് നടന്നതോ ആയ ദൃശ്യങ്ങൾ യുഎഇയിൽ നടന്നതാണെന്ന വ്യാജേന പ്രചരിപ്പിക്കുകയായിരുന്നു. സ്ഫോടനങ്ങളുടെയും മിസൈലുകളുടെയും ഡിജിറ്റൽ ദൃശ്യങ്ങളിൽ ദേശീയ പതാകകളും പ്രത്യേക തീയതികളും ചേർത്ത് അവ വിശ്വസനീയമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. മൂന്നാമത്തെ സംഘം ശത്രുരാജ്യത്തെയും അവരുടെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും പുകഴ്ത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് പ്രചരിപ്പിച്ചത്. ഉള്ളടക്കങ്ങൾ ശത്രുരാജ്യത്തിന്റെ സൈനിക നടപടികളെ നേട്ടങ്ങളായി ചിത്രീകരിക്കുകയും യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രചരണങ്ങൾ നടത്തുകയും ചെയ്തതായും കണ്ടെത്തി.
advertisement
പബ്ലിക് പ്രോസിക്യൂഷൻ ഈ കുറ്റങ്ങളിൽ അന്വേഷണം ആരംഭിക്കുകയും പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവരെ അതിവേഗ വിചാരണയ്ക്കായി കൈമാറി. ഇത്തരം പ്രവൃത്തികൾ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഡോ. അൽ ഷംസി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധ ശേഷിയെയും ബാധിക്കുന്ന തരത്തിൽ സൈബർ ഇടങ്ങൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും വസ്തുതകൾ വളച്ചൊടിക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
