ഷാർജ സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മലയാളികൾ അടക്കം കുടുംബമായി താമസിക്കുന്ന കെട്ടിടത്തിന്‍റെ ഓരോ നിലയിലും 12 ഫ്ലാറ്റുകൾ വീതമാണ് ഉള്ളത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. രാത്രി 9.04ഓടെ കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ചുള്ള വിവരം. വളരെ വേഗം തന്നെ മറ്റു നിലകളിലേക്ക് കൂടി തീ പടരുകയായിരുന്നു.
49 നില കെട്ടിടത്തിന്റെ 38 നിലകളിലും ആളുകൾ താമസിക്കുന്നുണ്ട്. രണ്ട് നില സര്‍വീസിനും ഒൻപത് നിലകൾ പാർക്കിംഗിനുമായുള്ളതാണ്. ആദ്യ ഫയർ അലേർട്ട് ലഭിച്ചയുടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചു. മിന,അൽ നഹ്ദ ഫയർ യൂണിറ്റിന് പുറമെ ഷാർജ പൊലീസ് എയർ വിംഗും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു.
ആദ്യം തീ പടർന്നപ്പോൾ തന്നെ ആളുകളെ ഒഴിപ്പിക്കാനായത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി അറിയിച്ചത്. സമയോചിത ഇടപെടൽ മൂലം മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി തീ പടരുന്നതും ഒഴിവായെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിബാധയുടെ പശ്ചാത്തലത്തിൽ സമീപത്തെ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകളെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.