ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന് അനുസൃതമായി ഇസ്ലാം മത വിശ്വാസികള്‍ക്ക് മദ്യപിക്കുന്നതിന് സൗദിയില്‍ നിരോധനമുണ്ട്. അതിനാല്‍ തന്നെ ഒരു മുസ്ലീം രാഷ്ട്രമായ സൗദിയുടെ ഈ നയമാറ്റം ശ്രദ്ധേയമാകുന്നു. ഇസ്ലാം മതത്തിലെ രണ്ട് പുണ്യസ്ഥലങ്ങളായ മക്കയും, മദീനയും സ്ഥിതി ചെയ്യുന്നത് സൗദിയിലാണ്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് നിരോധിക്കുന്നത് പോലെയുള്ള കര്‍ശന നിയമങ്ങള്‍ സൗദി അറേബ്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് നീക്കം ചെയ്തിരുന്നു.
മദ്യം സമ്പന്നർക്ക് മാത്രം
മദ്യം വാങ്ങുന്നതിന് വിദേശികള്‍ സ്റ്റോറില്‍ തങ്ങളുടെ വരുമാനം തെളിയിക്കാന്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. നിലവില്‍ സൗദി അറേബ്യയിലെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 2.47 ലക്ഷം രൂപയാണ്.
advertisement
സൗദിയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര ക്വാര്‍ട്ടറിലാണ് മദ്യശാല സ്ഥിതി ചെയ്യുന്നത്. 70 വര്‍ഷത്തിന് ശേഷം 2024 ജനുവരിയിലാണ് മദ്യശാല തുറന്നത്. വിദേശ നയതന്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും പ്രധാന നിക്ഷേപകര്‍ക്കും വേണ്ടി മാത്രമാണ് ഇതുവരെ ഈ മദ്യശാല പ്രവര്‍ത്തിച്ചിരുന്നത്. അതുവരെ നയതന്ത്ര ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും പ്രത്യേകമായി സീല്‍ ചെയ്ത പാക്കേജുകളിൽ മദ്യം ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്.
1952-ല്‍ സൗദി രാജാവ് അബ്ദുള്‍ അസീസിന്റെ മകന്‍ മദ്യപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് ശേഷമാണ് രാജ്യത്ത് മദ്യത്തിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം മദ്യശാല ഉദ്ഘാടനം ചെയ്തതിന് ശേഷം നയതന്ത്രജ്ഞര്‍ ഒരു മൊബൈല്‍ ആപ്പ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടിയിരുന്നു. അവര്‍ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഒരു ക്ലിയറന്‍സ് കോഡും പ്രതിമാസമുള്ള ക്വോട്ടയും ലഭിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉയര്‍ന്ന വരുമാനമുള്ള മുസ്ലിം ഇതര വിദേശികള്‍ക്കും മദ്യം വാങ്ങാന്‍ അനുമതി ലഭിക്കും. റിയാദിന് പുറമെ ജിദ്ദ, ദഹ്‌റാന്‍ എന്നീ രണ്ട് നഗരങ്ങളിലും പുതിയ മദ്യശാലകള്‍ വരും.
2034 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സൗദി അറേബ്യയാണ് ആതിഥ്യം വഹിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിച്ചുള്ള വരുമാനം കുറയ്ക്കാനുമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികള്‍. ഇതിലൂടെ വിനോദസഞ്ചാരികളെയും അന്താരാഷ്ട്ര ബിസിനസുകളെയും ആകര്‍ഷിക്കാനും ഉന്നമിടുന്നു.
