1. 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 543 ലോക്സഭാ മണ്ഡലങ്ങളെന്നു നിശ്ചയിച്ചത് 25 വർഷത്തേക്കുകൂടി തുടരട്ടെയെന്നാണ് യോഗത്തിലെ പ്രധാന നിലപാട്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ‘നീതിപൂർവകമായ മണ്ഡലപുനർനിർണയത്തിനുള്ള സംയുക്ത കർമ സമിതി’ എന്നു സ്റ്റാലിൻ പേരിട്ട കൂട്ടായ്മ പ്രമേയത്തിൽ പറഞ്ഞു.
2. ലോക്സഭാ മണ്ഡല പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്നു സ്റ്റാലിന്റെ നേതൃത്വത്തിൽ ആറ് സംസ്ഥാനങ്ങളിലെ 14 നേതാക്കൾ പ്രമേയം പാസാക്കി.
3. ശിരോമണി അകാലിദൾ, മുസ്ലിം ലീഗ്, ബിജു ജനതാദൾ, ആം ആദ്മി, ജനസേനാ ഭാരതീയ രാഷ്ട്രീയ സമിതി ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽനിന്നുള്ള 23 രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു.
advertisement
4. പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. പുനർനിർണയത്തിന്റെ അടിസ്ഥാനം 1971ലെ ജനസംഖ്യയായിരിക്കണമെന്നും മണ്ഡല പുനർനിർണയം 2026 മുതൽ 25 വർഷക്കാലത്തേക്ക് നിർത്തിവെക്കണമെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പാർലമെന്റിൽ ഉറപ്പുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി എം.പിമാരുടെ സംഘം മോദിയെ നേരിൽക്കണ്ട് സമ്മർദം ചെലുത്തും.
5. പാർലമെന്റിൽ നിലവിലുള്ള എം.പിമാരുടെ എണ്ണത്തിൽ മാറ്റമുണ്ടാവരുതെന്നും അതാത് സംസ്ഥാനങ്ങളിൽ സർവകക്ഷിയോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കാനും യോഗത്തിൽ തീരുമാനം.
6. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ ജനസംഖ്യ വളർച്ച ഉത്തരേന്ത്യയെ അപേക്ഷിച്ച് കുറവാണ്. മണ്ഡല പുനർനിർണയം നടത്തിയാൽ തെക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കൻ സംസ്ഥാനങ്ങൾക്ക് പാർലമെന്‍റില്‍ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും വിമർശനമുണ്ട്. തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്നാണ് പ്രധാന ആശങ്ക.
7. പിന്തുണ അറിയിച്ചെങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കാൻ പ്രതിനിധിയെ അയച്ചില്ല. മുൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് വിഡിയോ കോൺഫറൻസിങ് മുഖേന സംസാരിച്ചു.
8. സംയുക്ത സമിതിയുടെ അടുത്തഘട്ട യോഗം ഹൈദരാബാദിൽ .
9. യോഗത്തിൽ പങ്കെടുത്ത നേതാക്കൾക്ക് തമിഴ്നാടിന്റെ പാരമ്പര്യവും സംസ്കാരവും കോർത്തിണക്കിയ സമ്മാനങ്ങൾ സ്റ്റാലിൻ നൽകി. കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി, ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി,പത്തമടൈ പായ, തോഡ ഷോൾ, എന്നിവ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.തമിഴ്നാട് വനിതാ സ്വയം സഹായ സംഘങ്ങളാണ് സമ്മാനങ്ങൾ തയാറാക്കിയത്.
10. യോഗത്തിനെതിരെ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾക്കു മുന്നിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ വഞ്ചിക്കുകയും തമിഴ്നാട്ടിൽ മാലിന്യം തള്ളി നശിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കാവേരി ജലം വിട്ടുനൽകാത്ത കർണാടകയിലെ നേതാക്കളെയും മുഖ്യമന്ത്രി സ്റ്റാലിൻ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. തർക്ക വിഷയങ്ങളിൽ ഇവരുമായി ചർച്ച നടത്താനെങ്കിലും മുഖ്യമന്ത്രി തയാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.