TRENDING:

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 1,000 കോടി രൂപ വരെ എത്തിയേക്കും

Last Updated:

അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തമാണ് അഹമ്മദാബാദില്‍ നടന്നത്. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ 241 യാത്രക്കാരും മരിച്ചു. വിമാനത്തിലെ യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഒരാൾ കനേഡിയന്‍ പൗരനും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികളില്‍ ചിലരും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് ബോയിങ് 787-8 ഡ്രീംലൈനര്‍ ജെറ്റ് വിമാനം തകര്‍ന്നുവീണത്.
(അപകടസ്ഥലത്തെ ദൃശ്യം)
(അപകടസ്ഥലത്തെ ദൃശ്യം)
advertisement

അപകടത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്ന മെഡിക്കല്‍ കോളേജ് കെട്ടിടം പുതുക്കി പണിയുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അപകടത്തിന്റെ തീവ്രത വളരെ വലുതായതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിമുകളും ഉയര്‍ന്നേക്കും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഏതാണ്ട് 1,000 കോടി രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

വിമാന അപകടങ്ങളില്‍ മരണമോ പരിക്കോ സംഭവിച്ചാല്‍ വിമാനക്കമ്പനികളുടെ ബാധ്യത കണക്കാക്കുന്നത് ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള 1999-ലെ മോണ്‍ട്രിയല്‍ ഉടമ്പടി പോലുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ അനുസരിച്ചാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ ഉടമ്പടി പ്രകാരം വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. അപകട കാരണം വിമാനക്കമ്പനിയുടെ അശ്രദ്ധയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ഉടമ്പടിയില്‍ പരാമര്‍ശിച്ചിരിക്കുന്നതിലും കൂടുതലായിരിക്കും.

advertisement

ഇടക്കാല നഷ്ടപരിഹാരം എയര്‍ലൈന്‍ പ്രഖ്യാപിച്ചേക്കാമെങ്കിലും യാത്രക്കാര്‍ക്കുള്ള അന്തിമ നഷ്ടപരിഹാരം 1999-ലെ മോണ്‍ട്രിയല്‍ ഉടമ്പടി വ്യവസ്ഥകള്‍ പ്രകാരമായിരിക്കും നിര്‍ണ്ണയിക്കുക. 2009-ല്‍ ഇന്ത്യ ഒപ്പുവച്ച കരാറാണിതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡന്‍ (ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) ഉപയോഗിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. 2024 ഒക്ടോബര്‍ വരെ ഇത് 1,28,821 എസ്ഡിആര്‍ ആയിരുന്നു. അതായത്, ഓരോ എസ്ഡിആറിനും 1.33 ഡോളര്‍ വീതം. യഥാര്‍ത്ഥ നഷ്ടപരിഹാരം എയര്‍ ഇന്ത്യ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് കവറേജിനെ ആശ്രയിച്ചായിരിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

advertisement

20 ബില്യണ്‍ ഡോളറിന്റെ ആഗോള വ്യോമയാന ഇന്‍ഷുറന്‍സ് പദ്ധതിക്കുകീഴില്‍ എയര്‍ ഇന്ത്യ തങ്ങളുടെ എല്ലാ വിമാനങ്ങളെയും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഈ പാക്കേജ് എടുത്തിരിക്കുന്നത്. ഒന്ന് വിമാനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്കുള്ള 'ഹള്‍ ഇന്‍ഷുറന്‍സ്'. മറ്റൊന്ന് നിയമപരമായും യാത്രക്കാരുടെ ക്ലെയിമുകള്‍ക്കും വേണ്ടിയുള്ളത്. ഇതിനെ 'ബാധ്യതാ ഇന്‍ഷുറന്‍സ്' എന്ന് വിളിക്കുന്നു.

വിമാനത്തിന് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ചിടത്തോളം സ്‌പെയറുകളും ഉപകരണങ്ങളും ഉള്‍പ്പെടെ വിമാനത്തിന്റെ നിലവിലെ മൂല്യനിര്‍ണ്ണയം ഉറപ്പാക്കുന്ന 'ഏവിയേഷന്‍ ഹള്‍ ഓള്‍ റിസ്‌ക്' വിഭാഗത്തിന് കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഒരു ഡ്രീംലൈനറിന് അതിന്റെ കോണ്‍ഫിഗറേഷന്‍, പ്രായം, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഈ മൂല്യം 211 മില്യണ്‍ ഡോളര്‍ മുതല്‍ 280 മില്യണ്‍ ഡോളര്‍ വരെയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

അപകടത്തില്‍പ്പെട്ട വിമാനം (വിടി-എബിഎന്‍) 2013 മോഡലായിരുന്നു. 2021-ല്‍ ഏകദേശം 115 മില്യണ്‍ ഡോളറിന് ഇത് ഇന്‍ഷ്വര്‍ ചെയ്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. നാശനഷ്ടം ഭാഗികമായോ പൂര്‍ണ്ണമായോ ആകട്ടെ എയര്‍ലൈന്‍ കണക്കാക്കുന്ന മൂല്യത്തെ അടിസ്ഥാനമാക്കി നഷ്ടം നികത്തപ്പെടുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ പോലുള്ള പ്രധാന വിമാനക്കമ്പനികള്‍ക്കായുള്ള വ്യോമയാന ഇന്‍ഷുറന്‍സ് പ്രോഗ്രാമുകള്‍ വിമാനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുകയും ലണ്ടന്‍, ന്യൂയോര്‍ക്ക് പോലുള്ള അന്താരാഷ്ട്ര വിപണികളില്‍ വീണ്ടും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്യുന്നുവെന്ന് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐബിഎഐ) പ്രസിഡന്റ് നരേന്ദ്ര ഭരിന്ദ്വാള്‍ പിടിഐയോട് പറഞ്ഞു.

advertisement

അതായത്, ഒരു ഇന്‍ഷുറന്‍സ് കമ്പനി മാത്രമായി മുഴുവന്‍ ബാധ്യതയും വഹിക്കുന്നില്ല. ആഗോള റീഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയില്‍ ബാധ്യത ഭാഗിക്കപ്പെടുന്നു. 1.5 ശതമാനം മുതല്‍ രണ്ട് ശതമാനം ബാധ്യതയാണ് റീഇന്‍ഷൂറന്‍സ് കമ്പനിക്ക് ഉണ്ടാകുക. പ്രധാന റീഇന്‍ഷുറന്‍സ് കമ്പനി സാധാരണയായി 10-15 ശതമാനം ബാധ്യത ഏറ്റെടുക്കുന്നു. ഇത്തരം സംഭവങ്ങളുടെ സാമ്പത്തിക ആഘാതം ഇത്തരത്തില്‍ ആഗോള നെറ്റ്‌വര്‍ക്കിലുടനീളം പങ്കിടുകയാണെന്നും ഭരിന്ദ്വാള്‍ വ്യക്തമാക്കി.

211 മില്യണ്‍ മുതല്‍ 280 മില്യണ്‍ ഡോളര്‍ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വിമാന നാശനഷ്ടങ്ങളില്‍ ഉള്‍പ്പെടുമെങ്കിലും ഏറ്റവും വലിയ തുക വരുന്നത് 'ബാധ്യതാ ഇന്‍ഷുറന്‍സില്‍' നിന്നായിരിക്കും. യാത്രക്കാരന് ലഭിക്കുന്ന യഥാര്‍ത്ഥ ഇന്‍ഷുറന്‍സ് തുക നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

സാധാരണയായി അവകാശി (മരിച്ച യാത്രക്കാരന്റെയോ പരിക്കേറ്റവരുടെയോ കുടുംബം) അവര്‍ക്കുണ്ടായ യഥാര്‍ത്ഥ നഷ്ടത്തിന്റെ വ്യാപ്തി തെളിയിക്കേണ്ടതുണ്ട്. മരണപ്പെട്ട യാത്രക്കാരന്റെ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, അവസാനം വാങ്ങിയ ശമ്പളം, വൈവാഹിക നില, പൊതുവായ സാമ്പത്തിക സ്ഥിതി, ആശ്രിതരുടെ എണ്ണം, ആശ്രിതത്വത്തിന്റെ വ്യാപ്തി തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി നഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ പരിഗണിക്കുന്നത്.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ അപകടത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 1,000 കോടി രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വ്യോമയാന ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണവും ചെലവേറിയതുമായ വിമാന അപകടങ്ങളില്‍ ഒന്നായാണ് അഹമ്മദാബാദ് ദുരന്തത്തെ കണക്കാക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 1,000 കോടി രൂപ വരെ എത്തിയേക്കും
Open in App
Home
Video
Impact Shorts
Web Stories