497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ലിംഗസമത്വത്തിന് എതിരാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ച് ഐക്യകണ്‌ഠ്യേനയാണ് വ്യക്തമാക്കിയത്.
സ്ത്രീകളെ ഭര്‍ത്താവിന്റെ സ്വകാര്യ വസ്തുവായി ഈ വകുപ്പ് കണക്കാക്കുന്നത് വിവേചനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിവാഹബന്ധങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ 497-ാം വകുപ്പ് അനിവാര്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
ഭര്‍ത്താവ് അവിവാഹിതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും വിവാഹബന്ധത്തിന്റെ പരിശുദ്ധി നഷ്ടപ്പെടും. എന്നാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമായി കാണാന്‍ നിയമം ഉണ്ടാക്കിയവര്‍ ശ്രമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
വിവാഹബന്ധത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ ഉത്തരവാദിത്തമുണ്ട്. വിവാഹബന്ധം വേര്‍പെടുത്താനുള്ള ഒരു കാരണം മാത്രമാണ് വിവാഹേതരബന്ധമെന്നും കോടതി നിരീക്ഷിച്ചു.
മറ്റാരുടെയെങ്കിലും ഭാര്യയുമായി പുരുഷന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ 497 അനുസരിച്ചുള്ള കുറ്റകൃത്യമാകൂ. എന്നാല്‍ ഇവിടെ സ്ത്രീ കുറ്റക്കാരിയാകുന്നില്ല. പുരുഷന് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യും.
അതേസമയം ഭാര്യയുമായുള്ള മറ്റൊരാളുടെ ലൈംഗികബന്ധത്തിന് ഭര്‍ത്താവിന്റെ സമ്മതം ഉണ്ടയിരുന്നെന്ന് തെളിയിച്ചാല്‍ 497 പ്രകാരമുള്ള ക്രിമിനല്‍ കുറ്റം കുറ്റമല്ലാതാകുമെന്നതും ന്യൂനതയാണ്.
497-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈനാണ് കോടതിയെ സമീപിച്ചത്.
വിവാഹേതരബന്ധം കുറ്റകരമാക്കുന്നത് വിവാഹബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ഉപാധിയാണെന്നും അതിനാല്‍ 497 റദ്ദാക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്.
