നിലവിൽ നാവികസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി നിർമ്മിച്ച ജിസാറ്റ് -7 (രുക്മിണി), ജിസാറ്റ് -7 എ എന്നിവ മാത്രമാണ് ഇന്ത്യയുടെ സൈനിക ഉപഗ്രഹങ്ങൾ. ജിസാറ്റ്-7എയുടെ ട്രാൻസ്‌പോണ്ടർ ശേഷിയുടെ 30 ശതമാനം മാത്രമാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നത്.
ജിസാറ്റ്-7ബി ഉപഗ്രഹത്തെക്കുറിച്ചും ഇന്ത്യയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിനെക്കുറിച്ചും കൂടുതലറിയാം.
2013-ൽ ഐഎസ്ആർഒ ആദ്യമായി വിക്ഷേപിച്ച ജിസാറ്റ്-7 ശ്രേണിയിലെ ഏറ്റവും പുതിയതാണ് ജിസാറ്റ്-7ബി ഉപഗ്രഹം. ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ ഇന്ത്യൻ നാവികസേന ആശയവിനിമയ സേവനങ്ങൾക്കായി ഇൻമാർസാറ്റ് പോലുള്ള വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കും. കുറഞ്ഞ ബിറ്റ് റേറ്റ് വോയ്‌സ് മുതൽ ഉയർന്ന ബിറ്റ് റേറ്റ് ഡാറ്റാ കമ്മ്യൂണിക്കേഷൻ വരെയുള്ള വിപുലമായ സേവനം നൽകുന്നതിനായി ഐഎസ്ആർഒ രൂപം നൽകിയ ഉപഗ്രഹം കൂടിയാണിത്.
advertisement
രുക്മിണി എന്നു വിളിക്കപ്പെടുന്ന ജിസാറ്റ്-7 ഇന്ത്യയുടെ ആദ്യത്തെ സൈനിക ഉപഗ്രഹമായിരുന്നു. നാവികസേനയുടെ യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, അന്തർവാഹിനികൾ, കരയിൽ നിന്നുള്ള ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെ തത്സമയം ബന്ധിപ്പിക്കുന്നതാണ് ഈ ഉപഗ്രഹം. എന്നാൽ ജിസാറ്റ്-7ബി ഉപഗ്രഹത്തിന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഉപഗ്രഹത്തിന് 4,635 കോടി രൂപ ചെലവ് വരുമെന്നും അതിന് രണ്ട് യൂണിറ്റുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഒരെണ്ണം ബഹിരാകാശത്ത് പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് ഭൂമിയിലുമാണ് സജ്ജീകരിക്കുക.
നാളിതുവരെ, ഇന്ത്യൻ സൈന്യം ജിസാറ്റ് -7 എയെയും മറ്റ് ഉപഗ്രഹങ്ങളെയും ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നാണ് സ്വന്തമായി നിരീക്ഷണത്തിനുള്ള സാറ്റലൈറ്റ് എന്നത്. കര-നാവിക-വ്യോമ സേനകള്‍ക്ക് ജിസാറ്റ് 7ബി ഉപയോഗപ്പെടുത്താനാകും.
നിലവിൽ ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഇന്ത്യ അതിർത്തിയിൽ നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരമൊരു ഉപഗ്രഹം ഇന്ത്യൻ സൈന്യത്തിന് വളരെയധികം സഹായകമാകും എന്ന കാര്യത്തിൽ സംശയമില്ല. ജിസാറ്റ്-7ബി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെന്നാണ് പ്രതിരോധ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ബഹിരാകാശ യുദ്ധത്തിൽ നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം ചൈന ഇതിനോടകം തന്നെ ബഹിരാകാശത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നിലവിൽ മുന്നൂറോളം പ്രവർത്തന ഉപഗ്രഹങ്ങൾ ചൈനയ്ക്ക് ബഹിരാകാശത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇന്ത്യ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.