ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായി സര്‍വകക്ഷി സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെയും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കളും അംഗങ്ങളും ഈ സംഘത്തിലുണ്ട്.
മുന്‍ എംപിമാര്‍, സിറ്റിംഗ് എംപിമാര്‍, നയതന്ത്രപ്രതിനിധികള്‍, മുന്‍ അംബാസഡര്‍മാര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഏഴ് സംഘങ്ങളാണ് വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പ്രതിനിധി സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയത്.
advertisement
'സിന്ധുനദീജല കരാര്‍ പുനഃക്രമീകരിക്കാന്‍ ശ്രമിച്ചിരുന്നു'
വിശാലമായ ഒരു പശ്ചാത്തലത്തിലാണ് സിന്ധുനദീജല ഉടമ്പടി സംബന്ധിച്ച് ചര്‍ച്ച നടന്നത്. 1960കളിലാണ് ഉടമ്പടി നിലവില്‍ വന്നത്. ഇതിന് ശേഷം നിരവധി കാര്യങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രതിനിധി അംഗങ്ങളോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ജലനിരപ്പ് കുറയുന്നതും ഉള്‍പ്പെടെയുള്ള പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കരാര്‍ പുനഃക്രമീകരിക്കാന്‍ ഇന്ത്യ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഉടമ്പടിയുടെ അടിസ്ഥാനപരമായ വിശ്വാസവും സൗഹൃദവും ഇപ്പോള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബന്ധത്തില്‍ ഒരു മാറ്റമുണ്ടാകുമോയെന്ന് ചില അംഗങ്ങള്‍ ചോദിച്ചപ്പോള്‍ ഭീകരത വളര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്ക് പോലും അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അതിന് സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
'ലോകം ഇന്ത്യയെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു'
പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് 'സമാധാന പ്രതിനിധി സംഘത്തെ' അയച്ചുകൊണ്ട് ഇന്ത്യയുടെ നീക്കത്തെ ചെറുക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള 'തങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് അടിവരയിടുക' എന്നതാണ് ഈ പ്രതിനിധി സംഘത്തിന്റെ ദൗത്യമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ വാദം വ്യക്തവും കൃത്യവുമാണ്. എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യക്ഷവും പരോക്ഷവുമായ ബന്ധം പാകിസ്ഥാനില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. പാകിസ്ഥാനും അവര്‍ ആഗ്രഹിക്കുന്നിടത്തേക്ക് പ്രതിനിധികളെ അയക്കാന്‍ കഴിയും. എന്നാല്‍, ആഗോളതലത്തിലെ നമ്മുടെ പ്രതിച്ഛായ പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയുടെ ശബ്ദം കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇത്തരം പ്രതിനിധികളുടെ ആവശ്യകതയെക്കുറിച്ച് ചില അംഗങ്ങള്‍ ചോദിച്ചപ്പോള്‍ പാകിസ്ഥാന്‍ ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യയുടെ പക്കല്‍ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലും പാകിസ്ഥാന്‍ എങ്ങനെയാണ് മോശമായി പെരുമാറുന്നതെന്നും ഇരയായി അഭിനയിക്കുകയും ചെയ്യുന്നതെന്ന് ലോകത്തെ അറിയിക്കുക എന്നതാണ് ഈ പ്രതിനിധി സംഘത്തെ അയക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
നയതന്തബന്ധം വിശാലമാക്കുന്നതിന്റെ ഭാഗമായി 50ലധികം ഇന്ത്യന്‍ നേതാക്കള്‍ 32 രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഇതിന് പുറമെ ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സന്ദര്‍ശിക്കും.
അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് ഇന്ത്യയുടെ നിലപാട് അറിയിക്കുകയും അതിന്റെ അനന്തരഫലങ്ങളിൽ അന്താരാഷ്ട്ര സമവായം ഉണ്ടാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ പ്രതിനിധി സംഘം കൈയ്യില്‍ കരുതും.