ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് ശശി തരൂർ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരവാദ വിരുദ്ധ ഇന്ത്യാ നിലപാട് വിശദീകരിക്കാന്‍ പ്രധാന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഒന്നിന് ശശി തരൂര്‍ നേതൃത്വം നല്‍കാനൊരുങ്ങുന്നത്. ഓരോ പ്രതിനിധി സംഘത്തിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ വ്യക്തികള്‍, പരിചയസമ്പന്നരായ നയതന്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടും.
പഹല്‍ഗാം ആക്രമണത്തെ കുറിച്ചുള്ള ഇന്ത്യയുടെ തെളിവുകളും നിലപാടുകളും ഈ പ്രതിനിധി സംഘങ്ങളിലൂടെ നേരിട്ട് വിദേശ സര്‍ക്കാരുകള്‍ക്കും അന്താരാഷ്ട്ര സമിതികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായുള്ള ഏഴ് പ്രതിനിധി സംഘങ്ങളെ നയിക്കാന്‍ ഏഴ് നിയമസഭാംഗങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍, എംപിമാരായ രവി ശങ്കര്‍ പ്രസാദ് (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), ബൈജയന്ത് പാണ്ഡെ (ബിജെപി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ (ശിവസേന) എന്നിവരെയാണ് ബഹുകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
advertisement
ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഭാരതം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും തീവ്രവാദത്തോടുള്ള അസഹിഷ്ണുതയെ കുറിച്ചുള്ള ഇന്ത്യയുടെ സന്ദേശം വഹിച്ചുകൊണ്ട് ഏഴ് സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയുടെ പ്രധാന പങ്കാളിത്ത രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വ്യത്യാസങ്ങള്‍ക്കും രാഷ്ട്രീയത്തിനുമപ്പുറം ദേശീയ ഐക്യത്തിന്റെ ശക്തമായ പ്രതിഫലനമാണിതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലേക്കും ഈജിപ്തിലേക്കുമുള്ള സംഘത്തെയാണ് സുപ്രിയ സുലെ നയിക്കുന്നത്. ബൈജയന്ത് പാണ്ഡെ പശ്ചിമ യൂറോപ്പിലേക്കുള്ള സംഘത്തെ നയിക്കുമെന്നും സിഎന്‍എന്‍ന്യൂസ് 18 വൃത്തങ്ങള്‍ അറിയിച്ചു. യുഎഇയിലും ആഫ്രിക്കയിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ശ്രീകാന്ത് ഷിന്‍ഡെയായിരിക്കും. അമേരിക്കയിലേക്കുള്ള ഒരു പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും.
ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള ബഹുകക്ഷി എംപിമാരുടെ സംഘത്തെ ജെഡിയുവിന്റെ സഞ്ജയ് ഝാ നയിക്കും, മിഡില്‍ ഈസ്റ്റിലേക്കുള്ള സംഘത്തെ രവിശങ്കര്‍ പ്രസാദ് നയിക്കും. ഡിഎംകെ എംപി കനിമൊഴി കരുണാനിധി ഇന്ത്യയുടെ പ്രധാന പങ്കാളി രാജ്യങ്ങളായ റഷ്യ, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കും.
യുഎസിലേക്കുള്ള ഉന്നതതല സംഘത്തെയാണ് ശശി തരൂര്‍ നയിക്കുന്നത്. ഇതില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു നയതന്ത്രജ്ഞനും ഈ സംഘത്തിലുണ്ട്.
ശംഭവി ചൗധരി (എല്‍ജെപി-റാം വിലാസ്), ഡോ. സര്‍ഫറാസ് അഹമ്മദ് (ജെഎംഎം), ഗന്തി ഹരീഷ് മധുര്‍ ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വര്‍ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന) എന്നിവരും യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും ശശി തരൂരിന്റെ സംഘത്തിലുണ്ട്.
സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചതിനെ അംഗീകാരമായി കാണുന്നുവെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. ദേശീയ താല്‍പ്പര്യം കൂടിയാകുമ്പോള്‍ എന്റെ സേവനം ആവശ്യമുള്ളപ്പോള്‍ അതിന് കുറവുണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.
നിലവില്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാനാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായും തരൂര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യങ്ങളില്‍ നിരന്തരം അഭിപ്രായങ്ങളും ഇടപ്പെടലും നടത്തികൊണ്ടും തരൂര്‍ ശ്രദ്ധനേടിയിട്ടുണ്ട്. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നയതന്ത്രപരവും സൈനികവുമായ ഉറച്ച പ്രതികരണങ്ങളെയും അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു.
അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാന്റെ വാദങ്ങളെ വെല്ലുവിളിക്കാന്‍ മോദി സര്‍ക്കാര്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഇതാദ്യമായി നയതന്ത്ര ദൂതന്മാരായി അയയ്ക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്.