TRENDING:

ധര്‍മ്മസ്ഥല വിവാദം; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കോണ്‍ഗ്രസ് എംപിയെന്ന് ആരോപണം

Last Updated:

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തില്‍ ദക്ഷിണ കന്നഡ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച ആരോപണത്തില്‍ പുതിയ വഴിത്തിരിവ്. കര്‍ണാടകയിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുമായ ശശികാന്ത് സെന്തിലാണ് പ്രധാന ഗൂഢാലോചനക്കാരനെന്ന് ബിജെപി ആരോപിച്ചു. ധര്‍മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ മുഴുവന്‍ സൂത്രധാരനും മുമ്പ് മംഗളൂരു ജില്ലാ കളക്ടറായിരുന്ന സെന്തിലാണെന്ന് ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയും ഗംഗാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജി ജനാര്‍ദന്‍ റെഡ്ഡിയും ആരോപിച്ചു. മംഗളൂരു ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്ത് സെന്തില്‍ കാത്തുസൂക്ഷിച്ച ഇടതുപക്ഷ, ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം ഉപയോഗിച്ച് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ബല്‍ത്തങ്ങാടിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹരീഷ് പൂജ ആരോപിച്ചു.
ശശികാന്ത് സെന്തിൽ
ശശികാന്ത് സെന്തിൽ
advertisement

"ധര്‍മസ്ഥലയെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ശേഷം മുന്‍ ശുചീകരണ തൊഴിലാളി തമിഴ്‌നാട്ടില്‍ താമസിച്ചിരുന്നു. ഗൂഢാലോചന മുഴുവന്‍ നടന്നത് തമിഴ്‌നാട്ടിലാണ്. അവിടെ മജിസ്‌ട്രേറ്റിന് മുമ്പാകെ തെറ്റായ മൊഴി നല്‍കാന്‍ ജീവനക്കാരനെ നിര്‍ബന്ധിച്ചു. ധര്‍മസ്ഥലയില്‍ നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ശുചീകരണ തൊഴിലാളി പോലീസിന് കൈമാറിയ തലയോട്ടി പോലും സെന്തിലാണ് അയാൾക്ക് നൽകിയത്," യശ്പാല്‍ സുവര്‍ണയും ജനാര്‍ദ്ദന്‍ റെഡ്ഡിയും ആരോപിച്ചു.

ധര്‍മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിലവിലെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ വളരെ വലിയ ഗൂഢാലോചനയുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ പ്രസ്താവനയും ഇരുവരും പരാമര്‍ശിച്ചു. ശശികാന്ത് സെന്തിലിന് മുഖ്യമന്ത്രിയുമായി വളരെയധികം അടുപ്പമുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയില്‍ സെന്തിലിനുള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമോയെന്നും ഇരുവരും ചോദിച്ചു.

advertisement

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തില്‍ ദക്ഷിണ കന്നഡ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച് ഐഎഎസില്‍ നിന്ന് രാജി വയ്ക്കുകയും 2020ല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തി. 2023ല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന തന്ത്രജ്ഞനായും പ്രവര്‍ത്തിച്ചു.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഇടതുപക്ഷ സംഘടനകളോടും പിഎഫ്‌ഐ എസ്ഡിപിഐ പോലെയുള്ള ഇസ്ലാമിക സംഘടനകളോടും സെന്തില്‍ അനുഭാവപൂര്‍ണമായി ഇടപെടുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ നിരവധി ഇടതുപക്ഷ, കോണ്‍ഗ്രസ് നേതാക്കളുമായും സെന്തിലിന് അടുപ്പമുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ധര്‍മ്മസ്ഥല വിവാദം; ഗൂഢാലോചനയ്ക്ക് പിന്നില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കോണ്‍ഗ്രസ് എംപിയെന്ന് ആരോപണം
Open in App
Home
Video
Impact Shorts
Web Stories