കര്‍ണാടകയിലെ രാമനഗരയിലെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസിനെ എസ്ഡിപിഐ പിന്തുണയ്ക്കുന്നത് കണ്ടിട്ട് തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ''എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ അദ്ഭുതമില്ല. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ഇന്ത്യ വിരുദ്ധ പ്രചരണം നടത്തുകയാണ് കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ തേടുന്നതിലൂടെ ഇന്ത്യയുടെ പരമാധികാരത്തില്‍ വിശ്വാസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍,'' എന്ന് അമിത് ഷാ പറഞ്ഞു.
എന്നാല്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമോ നിരാകരിക്കുമോ എന്ന കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. എസ്ഡിപിഐയോട് തങ്ങള്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റിലും ബിജെപി വിജയം കൊയ്യുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
advertisement
''ഈ റോഡ് ഷോ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള പിന്തുണ കാണിക്കുന്നു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷം നേടി വിജയിക്കും'' എന്ന് അദ്ദേഹം പറഞ്ഞു. ''ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400ലധികം സീറ്റ് നേടി എന്‍ഡിഎയെ വിജയത്തിലെത്തിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. വീണ്ടും അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ഇന്ത്യ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തും,'' അമിത് ഷാ പറഞ്ഞു.
കര്‍ണാടകയ്ക്ക് വേണ്ടത് ബിജെപി-ജെഡിഎസ് സഖ്യമാണെന്ന് ജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പറഞ്ഞു.''തിങ്കളാഴ്ച നടന്ന പ്രചരണത്തിലെ അമിത് ഷായുടെ സാന്നിദ്ധ്യം ഞങ്ങളുടെ സഖ്യത്തിന് 28 സീറ്റും നേടാനാകുമെന്ന പ്രതീക്ഷ ഊട്ടിയുറപ്പിച്ചു,'' എന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം ശക്തിയില്‍ അല്ല വിജയിച്ചതെന്നും ബിജെപിയും ജെഡിഎസും തമ്മിലുള്ള ഭിന്നതയാണ് അവരുടെ വിജയത്തിന് വഴിവെച്ചതെന്നും കുമാരസ്വാമി പറഞ്ഞു.
