കശ്മീര്‍ മുഴുവനായി രാജ്യത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ എത്തിക്കുകയും ചെയ്ത നെഹ്‌റുവിന്റെ നടപടിയെ അമിത് ഷാ വിമര്‍ശിച്ചു. ഇതെല്ലാം കശ്മീരിലെ ജനങ്ങളുടെ ദുരിതത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൂടി കഴിഞ്ഞ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ന് ഇന്ത്യയുടെ ഭാഗമായി തന്നെ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'' നെഹ്‌റുവിയന്‍ മണ്ടത്തരം എന്ന വാക്കിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. നെഹ്‌റുവിന്റെ കാലത്ത് കൈകൊണ്ട മണ്ടത്തരമാണ് കശ്മീരിന്റെ ദുരിതത്തിന് കാരണമായത്,'' അമിത് ഷാ പറഞ്ഞു.
advertisement
'' പഞ്ചാബ് പ്രദേശത്ത് വിജയത്തിന് തൊട്ടരികെ നമ്മുടെ സൈന്യം എത്തിയപ്പോഴാണ് നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതോടെ പാക് അധീന കശ്മീര്‍ പിറവിയെടുത്തു. മൂന്ന് ദിവസത്തിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ തന്നെ ഭാഗമാകുമായിരുന്നുവെന്നും,'' അമിത് ഷാ പറഞ്ഞു.
നെഹ്‌റു ശരിയായ തീരുമാനം എടുത്തിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ബുധനാഴ്ചയാണ് ജമ്മു കശ്മീര്‍ പുന:സംഘടന (ഭേദഗതി) ബില്‍ ലോക്‌സഭ പാസാക്കിയത്. കശ്മീര്‍ കുടിയേറ്റ വിഭാഗത്തില്‍ നിന്ന് രണ്ട് പേരെയും പാക് അധീന കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പ്രതിനിധീകരിച്ച് ഒരാളെയും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് പ്രഖ്യാപിച്ച ബില്ലായിരുന്നു ഇത്. കൂടാതെ ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്ലും ലോക്‌സഭ പാസാക്കിയിരുന്നു.
അതേസമയം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ട് ബില്ലുകളും ലോക്‌സഭാ പാസാക്കിയത്. കഴിഞ്ഞ 70 വര്‍ഷമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് നീതി ഉറപ്പാക്കുന്ന നിയമമായിരിക്കും ഇതെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ കുടിയിറക്കപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിലൂടെ നിയമസഭയില്‍ അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗത്തോടുള്ള കോണ്‍ഗ്രസ് സമീപനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
'' കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കാന്‍ സാധിച്ചിരുന്നില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാപരമായ അംഗീകാരം നല്‍കിയത്,'' അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനുള്ള പദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026ഓടെ അക്രമം പൂര്‍ണമായി ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.