''ശീഷ് മഹൽ 2.0. ഡൽഹിയിൽ 52 കോടി രൂപ ചെലവഴിച്ച് ശീഷ് മഹൽ നിർമിച്ചതിന് ശേഷം കേജരിവാൾ ഇനി ചണ്ഡീഗഡിലെ രണ്ട് ഏക്കർ വിസ്തൃതിയുള്ള സപ്ത നക്ഷത്ര സർക്കാർ മാളികയിൽ വിശ്രമിക്കും. പൊതുജനങ്ങൾക്ക് മുന്നിൽ ഒരു സാധാരണ മനുഷ്യനെന്ന് നാടകം കളിക്കുന്ന സർ ജീയുടെ രാജകീയ ആഡംബരങ്ങളിൽ ഒട്ടും കുറവില്ല,'' എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ബിജെപി ആരോപിച്ചു.
''ചണ്ഡീഗഢിലെ സെക്ടർ 2ൽ അരവിന്ദ് കേജരിവാളിന് മുഖ്യമന്ത്രിയുടെ ക്വാട്ടയിൽ നിന്ന് രണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു ആഢംബര സപ്തനക്ഷത്ര സർക്കാർ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നു,'' കേജരിവാളിനെ 'സൂപ്പർ മുഖ്യമന്ത്രി' എന്ന് പരിഹസിച്ച് ബിജെപി പറഞ്ഞു. ട്വീറ്റിനൊപ്പം മാളികയുടെ ഉപഗ്രഹ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ''കേജരിവാൾ ഒരു മന്ത്രിയോ എംഎൽഎയോ അല്ല. എന്നിട്ടും ആഢംബര കൊട്ടാരങ്ങളോടും രാജകീയമായ സുഖസൗകര്യങ്ങളോടും ആഢംബരത്തോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പം ഉപേക്ഷിക്കാൻ തോന്നുന്നില്ല,'' ബിജെപി പറഞ്ഞു.
advertisement
ആരോപണങ്ങൾ നിഷേധിച്ച് എഎപി
ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച എഎപി അത് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസാണെന്നും ബിജെപി വ്യാജ വാർത്തകൾ പ്രചിപ്പിക്കുകയാണെന്നും പറഞ്ഞു. ''പ്രധാനമന്ത്രിയുടെ വ്യാജ യമുന കഥ പുറത്ത് വന്നതുമുതൽ ബിജെപിക്ക് സമാധാനം നഷ്ടപ്പെട്ടതായി തോന്നുന്നു. ഇക്കാലത്ത് ബിജെപി എല്ലാം വ്യാജമായി കെട്ടിച്ചമയ്ക്കുകയാണ്,'' എഎപി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
''വ്യാജ യമുന, വ്യാജ മലിനീകരണ കണക്കുകൾ, മഴയെക്കുറിച്ചുള്ള വ്യാജ അവകാശവാദങ്ങൾ, ഇപ്പോഴിതാ വ്യാജ സപ്ത നക്ഷത്ര അവകാശവാദവും. ചണ്ഡീഗഢിൽ ഒരു സപ്ത നക്ഷത്ര മാളിക നിർമിച്ചുവെന്നാണ് ബിജെപിയുടെ വ്യാജമായ അവകാശവാദം. എന്നാൽ ചണ്ഡീഗഡ് ഭരിക്കുന്നത് ബിജെപിയുടെ കീഴിലാണ്. അവർക്ക് മാത്രമെ എന്തെങ്കിലും നിർമിക്കാൻ കഴിയൂ. അവരുടെ അറിവോടെ മാത്രമെ എന്തെങ്കിലും നിർമിക്കാൻ കഴിയൂ. മറ്റാർക്കും ഒന്നിനും കഴിയില്ല,'' ആം ആദ്മി പറഞ്ഞു.
''കേജരിവാൾ ജിക്ക് ഒരു വീട് അനുവദിച്ചുവെന്നതാണ് ബിജെപിയുടെ വ്യാജ വാദം. അങ്ങനെയെങ്കിൽ അലോട്ട്‌മെന്റ് ലെറ്റർ എവിടെ? നിരാശരായ ബിജെപി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസിന്റെ ഫോട്ടോ പങ്കുവെച്ച് എല്ലാവിധത്തിലുമുള്ള വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്,'' പാർട്ടി പറഞ്ഞു.
കേജരിവാളിനെക്കുറിച്ചുള്ള സ്വാതി മാലിവാളിന്റെ പരാമർശങ്ങൾ
പഞ്ചാബിൽ കേജരിവാളിന് വളരെ മനോഹരമായ ശീഷ് മഹൽ അനുവദിച്ചതായി നേരത്തെ സ്വാതി മാലിവാൾ ആരോപിച്ചിരുന്നു. ''ഇന്നലെ, അദ്ദേഹം തന്റെ വീടിന്റെ മുന്നിൽ നിന്ന് അംബാലയിലേക്ക് ഒരു സർക്കാർ ഹെലികോപ്റ്ററിൽ കയറി. തുടർന്ന് അംബാലയിൽ നിന്ന് പഞ്ചാബ് സർക്കാരിന്റെ സ്വകാര്യ ജെറ്റിൽ അദ്ദേഹത്തെ പാർട്ടി പ്രവർത്തനങ്ങൾക്കായി ഗുജറാത്തിലേക്ക് കൂട്ടി കൊണ്ടുപോയി. ഒരാളെ സേവിക്കുന്നതിൽ മുഴുവൻ പഞ്ചാബ് സർക്കാരും ഏർപ്പെട്ടിരിക്കുന്നു,'' സ്വാതി മാലിവാൾ ആരോപിച്ചു.
കേജരിവാളിന്റെ ഔദ്യോഗിക വസതിയെച്ചൊല്ലി 2024ലാണ് തർക്കം ആരംഭിച്ചത്. 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിൽ സ്ഥിതി ചെയ്യുന്ന കേജരിവാളിന്റെ ഔദ്യോഗിക വസതിയിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് വിജേന്ദർ ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് വസ്തുതാ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എട്ട് ഏക്കർ വിസ്തൃതിയുള്ള ഒരു ആഢംബര വസതി(ശീഷ് മഹൽ) നിർമിക്കാൻ കേജരിവാൾ കെട്ടിട ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ഗുപ്ത ആരോപിച്ചത്.
രാജ്പൂർ റോഡിലെ പ്ലോട്ട് നമ്പർ 45 ഉം 47 ഉം (മുമ്പ് ടൈപ്പ്-V ഫ്‌ളാറ്റുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും പാർപ്പിച്ചിരുന്നു) ഉൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കൾ പൊളിച്ചുമാറ്റി പുതിയ വസതിയിൽ ലയിപ്പിച്ചതായി പരാതിയിൽ ഗുപ്ത എടുത്തു പറഞ്ഞു. രണ്ട് ബംഗ്ലാവുകൾ (8-A & 8-B, ഫ്‌ലാഗ് സ്റ്റാഫ് റോഡ്) ഗ്രൗണ്ട് കവറേജ്, ഫ്ളോർ ഏരിയ റേഷ്യോ (FAR) മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ശരിയായ ലേഔട്ട് പ്ലാനിന് അംഗീകാരങ്ങൾ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
