നാഷണലിസ്റ്റ് കോൺഗ്രസ് (NCP)പാർട്ടിക്കും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടിക്കും കഴിഞ്ഞ ഏപ്രിലിൽ ദേശീയ പാർട്ടിയെന്ന സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് ബിജെപി, ബഹുജൻ സമാജ് പാർട്ടി (BSP), കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )(CPI-M) നാഷണൽ പീപ്പിൾസ് പാർട്ടി (NPP) എന്നിവർക്കൊപ്പം ആറാമത്തെ ദേശീയ പാർട്ടിയായി ആം ആദ്മി പാർട്ടി (AAP) ഉദയം ചെയ്തു.
ഓരോ വർഷവും ദേശീയ പാർട്ടികൾക്ക് ലഭിക്കുന്ന, സംഭാവനകൾ മുഖേനയുള്ള വരുമാനം 20,000ന് മുകളിൽ ആണെങ്കിൽ അവ ഇലക്ഷൻ കമ്മീഷനെ അറിയിച്ചിരിക്കണം എന്നാണ് നിയമം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ദേശീയ പാർട്ടികൾക്ക് സംഭാവനകൾ വഴി ലഭിച്ച ആകെ വരുമാനം 850 കോടി രൂപയാണ്. ഇതിൽ 719.83 കോടിയും ബിജെപിയുടേതാണ്.
advertisement
ബാക്കി 130.51 കോടി രൂപയാണ് മറ്റ് ദേശീയ പാർട്ടികളുടെ സംഭാവന. 79.92 കോടിയുമായി കോൺഗ്രസ് രണ്ടാമതും 37.1 കോടി രൂപയുമായി ആം ആദ്മി പാർട്ടി മൂന്നാമതുമുണ്ട്. 2017-18 നും 2022-23 നും ഇടയിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ച ആകെ വരുമാനം 3776.86 കോടി രൂപയാണ്. ഇതേ കാലയളവിൽ കോൺഗ്രസിന് 564.14 കോടി രൂപയും സംഭാവന ഇനത്തിൽ ലഭിച്ചു.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, സംഭാവനകളുടെ കാര്യത്തിൽ ബിജെപിയും എൻപിപിയും മുന്നേറിയപ്പോൾ കോൺഗ്രസ്സും എഎപിയും സിപിഐഎമ്മും ഇക്കാര്യത്തിൽ പിന്നിലായി. അതേസമയം, 2022-23 വർഷത്തിൽ തങ്ങൾക്ക് സംഭാവനയായി 20,000 ൽ അധികം വരുമാനം ലഭിച്ചിട്ടില്ലെന്ന് മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി ഇലക്ഷൻ കമ്മീഷനെ അറിയിച്ചു.