2022 ഏപ്രിലിനുശേഷം ആദ്യമായി ബിജെപി രാജ്യസഭാ അംഗങ്ങളുടെ എണ്ണം 100 കടന്നു. കഴിഞ്ഞ മാസം ബിജെപി രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്ത പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, സാമൂഹിക പ്രവർത്തകൻ സി സദാനന്ദൻ മാസ്റ്റർ എന്നിവരുടെ വരവോടെ പാർട്ടിയുടെ അംഗസംഖ്യ 102 ആയി. സെപ്റ്റംബർ 9 ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കരുത്ത് പകരുന്നതാണ് രാജ്യസഭയിലെ അംഗസംഖ്യ വർദ്ധനവ്.
advertisement
രാജ്യസഭയുടെ ചരിത്രത്തിൽ എംപിമാരുടെ എണ്ണം 100 കടന്ന രണ്ടാമത്തെ പാർട്ടിയായി ബിജെപി. 1988 നും 1990 നും ഇടയിൽ കോൺഗ്രസ് ഈ നേട്ടം കൈവരിച്ചിരുന്നു. നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളിൽ 5 പേർ ഉൾപ്പെടെ എൻഡിഎയ്ക്ക് ഇപ്പോൾ രാജ്യസഭയിൽ 134 എംപിമാരുണ്ട് . 121 ന് സീറ്റാണ് രാജ്യസഭയിലെ ഭൂരിപക്ഷം. രാജ്യസഭയിൽ നിലവിൽ 12 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ 240 എംപിമാരുണ്ട്. കൂടാതെ അഞ്ച് സീറ്റുകൾ ഒഴിവുമുണ്ട്.
26/11 മുംബൈ ആക്രമണ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതോടെയാണ് ഉജ്ജ്വൽ നികം ശ്രദ്ധിക്കപ്പെടുന്നത്. 2020 മുതൽ 2022 ഏപ്രിൽ വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹർഷ് വർധൻ ശൃംഗ്ല. യുഎസിലെ ഇന്ത്യയുടെ അംബാസഡറായും ബംഗ്ലാദേശിലെ ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട സാമൂഹിക പ്രവർത്തകനും അധ്യാപകനുമാണ് സി സദാനന്ദൻ മാസ്റ്റർ. ഇവർക്കൊപ്പം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൽ അംഗമായിരുന്ന രാഷ്ട്രീയ ശാസ്ത്രജ്ഞയും ചരിത്രകാരിയുമായ മീനാക്ഷി ജെയിനെയും രാഷ്ട്രപതി കഴിഞ്ഞമാസം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.