നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും എന്നാണ് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതത്. 'നിങ്ങൾ ഇപ്പോഴും എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ കരുത്തനാണ്... ഈ ഘട്ടവും മറികടക്കും.. നിങ്ങൾ വേഗം രോഗമുക്തനായെത്താൻ പ്രാർഥനകളും ആശംസകളും' യുവി ട്വീറ്റ് ചെയ്തു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിന് തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് 61കാരനായ സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സംശയിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നു.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയാണെന്നും എത്രയും വേഗം മടങ്ങി വരുമെന്നും വ്യക്തമാക്കി താരം സോഷ്യല്‍ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രോഗവിവരം സംബന്ധിച്ച വിശാദംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
പക്ഷെ കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചുവെന്നും വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോവുകയാണെന്നും റിപ്പോർട്ടുകൾ എത്തുകയായിരുന്നു. അസുഖ വിവരം അറിഞ്ഞ സഞ്ജയ് ദത്ത് ആകെ തകർന്നു പോയെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. തന്‍റെ കുഞ്ഞ് മക്കളെ ഓർത്താണ് താരം ആശങ്കപ്പെടുന്നതെന്നാണ് സുഹൃത്തിന്‍റെ വാക്കുകൾ. ഇരട്ടക്കുട്ടികളാണ് സഞ്ജയ് ദത്തിന്. നിലവിൽ ഭാര്യ മാന്യതയ്ക്കൊപ്പം ദുബായിലാണിവർ.