ലുധിയാന വെസ്റ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി സഞ്ജീവ് അറോറ 10,637 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയുടെ ജീവൻ ഗുപ്തയാണ് രണ്ടാമത്. ആം ആദ്മി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി അന്തരിച്ചതിനെത്തുടർന്നാണ് ലുധിയാന വെസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച വിസാവദാറിൽ 17,554 വോട്ടുകൾക്കാണ് ആം ആദ്മി സ്ഥാനാർത്ഥി ഗോപാൽ ഇറ്റാലിയയുടെ ജയം. ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി കിരിത് പട്ടേൽ മുന്നിട്ടുനിന്നിരുന്നങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17,554 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
advertisement
കഡിയിൽ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര കുമാർ 39,452 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. രാജേന്ദ്രകുമാർ ധനേശ്വർ 99,742 വോട്ട് നേടിയപ്പോൾ രണ്ടാമതുള്ള കോൺഗ്രസിന്‍റെ രമേശ്ബായി ചവ്ദ 60,290 വോട്ടാണ് നേടിയത്. ബിജെപി എംഎൽഎ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗാളിലെ കാളിഗഞ്ചിൽ 45,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയത്. തൃണമൂൽ - ബിജെപി - കോൺഗ്രസ് ത്രികോണ മത്സരം നടന്ന ഇവിടെ ഇടത് പിന്തുണ കോൺഗ്രസിനാണ്. തൃണമൂൽ കോൺഗ്രസ് എംഎൽഎ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയെയും കോൺഗ്രസിനെയും ജനങ്ങൾ തള്ളിക്കളഞ്ഞതായി ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.