ഗുണ്ടാ നിയമപ്രകാരം ചങ്ങൂർ ബാബയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കും. സ്വത്തുക്കൾ കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. യു പി പൊലീസ് പ്രതികൾക്കെതിരായ നടപടികൾ ശക്തമാക്കുകയും ബൽറാംപൂരിലെ അദ്ദേഹത്തിന്റെ 70 മുറികളുള്ള ആഡംബര മാളികയുടെ ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ചൊവ്വാഴ്ച, അധികാരികൾ 20 മുറികളും 40 അടി നീളമുള്ള ഒരു ഹാളും പൊളിച്ചുമാറ്റി. അടുത്ത ദിവസവും പൊളിക്കൽ തുടരും. മാളികയുടെ 40 മുറികളുള്ള ഭാഗം ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവർത്തനത്തിലൂടെ സ്വന്തമാക്കിയ പണംകൊണ്ട് നിർമിച്ചതാണ് ഈ മന്ദിരമെന്നാണ് ആരോപണം.
advertisement
ഇതും വായിക്കുക: ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ
ചങ്ങൂർ ബാബയെയും സ്ത്രീ സുഹൃത്തിനെയും ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 70 ദിവസമായി നഗരത്തിലെ വികാസ് നഗറിലെ സ്റ്റാർ റൂംസ് ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ഏപ്രിൽ 16 ന് ആധാർ കാർഡുകൾ ഉപയോഗിച്ച് നാല് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതായി കണ്ടെത്തി. പിന്നീട് അത് തുടർച്ചയായ മതപരിവർത്തന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
ബൽറാംപൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിൽ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2015 ൽ, ഭർത്താവ് നവീൻ ഘനശ്യാം റോഹ്‌റയ്‌ക്കൊപ്പം അവർ ദുബായിലേക്ക് പോയി. ഈ യാത്രയിൽ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. നീതു തന്റെ പേര് നസ്രീൻ എന്നും നവീൻ ജമാലുദ്ദീൻ എന്നും മാറ്റി. പിന്നീട്, 2021 ൽ, നവീന്റെ മുഴുവൻ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു.
ചങ്ങൂർ ബാബയെ തങ്ങളുടെ ആത്മീയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് അവർ ബൽറാംപൂരിലെ ഉട്രൗള സിവിൽ കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. നീതു താമസിയാതെ ചങ്ങൂർ ബാബയുടെ അടുത്ത സഹായിയായി മാറുകയും മതപരിവർത്തന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. സഹായം വാഗ്ദാനം ചെയ്തും ബാബ ചെയ്തതായി കരുതപ്പെടുന്ന 'അത്ഭുതങ്ങളെക്കുറിച്ച്' സംസാരിച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
മതം മാറിയതിനുശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് സ്വന്തം അനുഭവം പലപ്പോഴും പങ്കുവെച്ചിരുന്നുവെന്നും ആളുകളെ ആകർഷിക്കാൻ പണമോ വൈദ്യസഹായമോ വാഗ്ദാനം ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. മതം മാറാൻ സമ്മതിച്ചുകഴിഞ്ഞാൽ, ചങ്ങൂർ ബാബയെ പരിചയപ്പെടുത്തുകയും മതപരിവർത്തന പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുമായിരുന്നു.