മാതാപിതാക്കൾ ഫോൺ പിടിച്ചുവെച്ചതിൽ മനംനൊന്ത് പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. തെലങ്കാനയിലെ നിർമ്മൽ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബേട്ടി റിഷേന്ദ്ര എന്ന വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്.
ഒരു ദിവസം 10 മണിക്കൂറിലധികം വിദ്യാർത്ഥി പബ്ജി ഗെയിം കളിച്ചിരുന്നു.ക്ലാസുകൾക്കൊപ്പം പബ്ജി കളിക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥി സ്കൂളിൽ പോകാൻ പോലും വിസമ്മതിച്ചിരുന്നതായും കൗൺസിലിംഗിനായി ഒരു സൈക്യാട്രിസ്റ്റിന്റെയും ന്യൂറോ സർജന്റെയും അടുത്തേക്ക് കൊണ്ടുപോയെങ്കിലും വിദ്യാർത്ഥി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ഗെയിം കളിക്കുന്നത് തുടർന്നുവെന്നും മാതാ പിതാക്കൾ പറഞ്ഞു.
advertisement
തുടർന്നാണ് മാതാപിതാക്കൾ മൂന്ന് ദിവസത്തേക്ക് മകന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവച്ചത്. ഇതിൽ മനംനൊന്ത് കുട്ടി തൂങ്ങിമരിക്കുകയായിരന്നു.
'PUBG' ഗെയിമിനോടുള്ള ആസക്തിയുടെ നിരവധി കേസുകൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം, ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ട്രാക്കിൽ ഗെയിം കളിക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ ട്രെയിൻ കയറി മരിച്ചു. ഇയർഫോൺ ധരിച്ചിരുന്ന കൗമാരക്കാർ ട്രെയിൻ അടുത്തുവരുന്നത് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
മറ്റൊരു സംഭവത്തിൽ, ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവർ വാഹനമോടിക്കുമ്പോൾ ഫോണിൽ 'PUBG' കളിക്കുന്നതായി കാണിക്കുന്ന ഒരു ആശങ്കാജനകമായ വീഡിയോ പുറത്തുവന്നിരുന്നു. ഒരുകൈകൊണ്ട് വാഹനം ഓടിക്കുകയും മറുകൈയ്യിൽ ഫോൺ പിടിച്ച് ഡ്രൈവർ ഗെയിം കളക്കുന്നതിന്റെയും വീഡിയോ പിൻസീറ്റിലിരുന്ന ഒരു യാത്രക്കാരനാണ് പകർത്തിയത്. ചില സമയങ്ങളിൽ, ഡ്രൈവർ രണ്ട് കൈകളും ഉപയോഗിച്ച് ഗെയിം കളിക്കുകയും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുകയും ചെയ്യുന്നത് കാണാമായിരുന്നു.