കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ലക്ഷ്മണ്‍ സിങ്ങിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് അച്ചടക്ക സമിതി സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ രൂക്ഷവിമര്‍ശനങ്ങളുടെ പേരിലാണ് നടപടി. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ്‍ സിങ് പ്രസ്താവന നടത്തിയിരുന്നു.
പക്വതയില്ലാത്ത പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം ബുദ്ധിപൂര്‍വ്വം പ്രതികരണങ്ങള്‍ നടത്തണമെന്ന് രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ലക്ഷ്മണ്‍ സിങ്ങിന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
advertisement
യുഎസ് സന്ദര്‍ശനത്തില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളേയും ലക്ഷ്മണ്‍ സിങ് ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകുമ്പോള്‍ ഒരിക്കലും രാജ്യത്തെ വിമര്‍ശിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.'വിദേശത്തായിരിക്കുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കരുത്. നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. അടല്‍ ബിഹാരി വാജ്പേയി പോലും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരിക്കലും ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല, വിദേശ മണ്ണില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹം എപ്പോഴും ഇന്ത്യയെ പ്രശംസിച്ചു' ലക്ഷ്മണ്‍ സിങ് പറഞ്ഞു.
70 കാരനായ ഇദ്ദേഹം അഞ്ച് തവണ ലോക് സഭയിലേക്കും മൂന്ന് തവണ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 30 കൊല്ലത്തിനിടെ പല തവണ പാർട്ടി മാറിയ ഇദ്ദേഹം 1994 ലാണ് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി ലോക് സഭാ അംഗമായത്. 2004ൽ ബിജെപിയിൽ എത്തി. 2013ലാണ് തിരികെ കോൺഗ്രസിൽ എത്തിയത്.