പോസ്റ്റ് രാഷ്ട്രീയ വിവാദമായതോടെ അവര്‍ അത് പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ''തിരഞ്ഞെടുപ്പ് തന്ത്രം'' എന്ന് തങ്ങൾ പരിഹസിച്ചത് ''വളച്ചൊടിച്ചതാണെന്ന്'' കേരള കോൺഗ്രസ് ആരോപിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
പോസ്റ്റ് വിവാദമായതോടെ ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ് ബീഡിയെ ബീഹാറുമായി താരതമ്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നുണ്ടോയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവെല്ല ചോദിച്ചു.
ഇന്‍ഡി സഖ്യത്തിന്റെ ബീഹാറിനോടുള്ള വെറുപ്പ് പോസ്റ്റില്‍ പ്രകടമാണെന്നും കോണ്‍ഗ്രസ് വീണ്ടും അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പൂനവല്ല പറഞ്ഞു.
advertisement
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചതിന് ശേഷം ഇപ്പോള്‍ ബീഹാറിനെ ബീഡിയുമായി താരതമ്യം ചെയ്യുന്നു. തേജസ്വി യാദവ് ഇത് അംഗീകരിക്കുന്നുണ്ടോ,'' അദ്ദേഹം ചോദിച്ചു.
''രേവന്ത് റെഡ്ഡി മുതല്‍ ഡിഎംകെയിലും കോണ്‍ഗ്രസിലും വരെ ബീഹാറിനോടുള്ള വെറുപ്പ് വ്യക്തമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും കോണ്‍ഗ്രസിന്റെ പോസ്റ്റ് ബീഹാറിനെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു. ''ആദ്യം നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയയായ അമ്മയെ അപാനിച്ചു. ഇപ്പോള്‍ ബീഹാറിനെയും അപമാനിച്ചിരിക്കുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്വഭാവം. ഇത് രാജ്യത്തിന് മുന്നില്‍ ആവര്‍ത്തിച്ച് തുറന്ന് കാട്ടുന്നു,'' ചൗധരി പറഞ്ഞു.
''ഇതിനെതിരേ നടപടിയെടുക്കണം, ശ്രീബുദ്ധന്‍ മുതല്‍ മഹാവീരന്‍, ഗോവിന്ദ് സിംഗ് സാഹിബ് വരെയുള്ളവരുടെയെല്ലാം പശ്ചാത്തലം ബീഹാറിലാണ്. രാജ്യത്തെ ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് ആരെങ്കിലും ചോദ്യം ഉന്നയിക്കുകയോ അതിനെ അപമാനിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് ഭാരതാമാതാവിന്റെ മകനായിരിക്കാന്‍ കഴിയില്ല,'' ബീഹാറിലെ മറ്റൊരു ഉപമുഖ്യമന്ത്രി വിജയ് കുമാന്‍ സിന്‍ഹ പറഞ്ഞു.
''കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ ബീഹാറിനെയും ബീഹാറികളെയും അപമാനിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കേരള വിഭാഗത്തിന്റെ പോസ്റ്റ് ബീഹാറിലെ ജനങ്ങളെ അപമാനിക്കുകയോ ബീഹാറിനെ ഇകഴ്ത്തുകയോ ചെയ്യുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തിയാണെന്ന് വ്യക്തമാക്കുന്നു,'' ബീഹാര്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ജെയ്‌സ്‌വാള്‍ പറഞ്ഞു.
''ബീഹാറിലെ ജനങ്ങള്‍ക്ക് ഇത് ക്ഷമിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ ഇതിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സി ഇന്‍ ക്രാസ്(വിഡ്ഢിത്വം) ആന്‍ഡ് കോണ്‍ഗ്രസ്, ആര്‍ ഇന്‍ റിഗ്രസ്സീവ്(പിന്നോക്കം പോകുക) ആന്‍ഡ് രാഹുല്‍ ഗാന്ധി. ഇതിൽ ബീഹാറിനോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വെറുപ്പും അവജ്ഞയും നിര്‍വചിച്ചിരിക്കുന്നു,'' ബിജെപി വക്താവ് സിആര്‍ കേശവന്‍ പറഞ്ഞു.
''കോണ്‍ഗ്രസ് ബീഡിയെ ബീഹാറിനോട് ഉപമിക്കുന്നത് ബീഹാറിലെ ഓരോ പൗരനെയും അപമാനിക്കുന്നതാണ്. കോണ്‍ഗ്രസ് അവരുടെ ട്വീറ്റ് നീക്കം ചെയ്തിരിക്കാം. പക്ഷേ, ബീഹാറിലെ ജനങ്ങളോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവഹേളന മനോഭാവം ഇല്ലാതാക്കാന്‍ കഴിയില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.