ഇറ്റാലിയൻ വിനോദസഞ്ചാരി ഫെബ്രുവരി 29 നാണ് ജയ്പൂരിലെത്തിയതെന്നും ഇയാളിൽ രോഗബാധ സ്ഥിരീകരിച്ചെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ ഐസൊസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാം പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ശർമ പറഞ്ഞു. ഇയാളെ എസ്എംഎസ് ആശുപത്രിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്കി വിധേയമാക്കുമെന്ന് മന്ത്രി അറിയിച്ചു.
advertisement
ഇന്ന് ഡൽഹിയിലും തെലങ്കാനയിലുമായി രണ്ട് പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറ്റലിയിൽ നിന്നും ദുബായിൽ നിന്നും വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.
Also Read-ഭീതി പടർത്തി കൊവിഡ് 19: മരണസംഖ്യ 3000 കടന്നു
ഇന്ത്യയിൽ ഇതിന് മുമ്പ് മൂന്ന് കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് മൂന്നും കേരളത്തിൽ നിന്നായിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളായിരുന്നു ഇവർ. മൂന്നു പേരും ചികിത്സയ്ക്ക് ശേഷം വൈറസ് മുക്തരായിരുന്നു.
ഡൽഹിയിലും തെലങ്കാനയിലും ഇത് ആദ്യ കേസുകളാണ്. കൊവിഡ് 19 രോഗബാധിതരായി ലോകത്തെമ്പാടുമായി മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചും തുടങ്ങിയിട്ടുണ്ട്. 88000ത്തിലധികം പേർ വൈറസ് ബാധിതരാണെന്നാണ് കണക്ക്.
