''ഈ എഐ അവതാരകയെ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പോകുകയാണ്. കാരണം ഞങ്ങൾ എപ്പോഴും ദോഷകരമല്ലാത്ത പുതിയ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നവരാണ്''- ജാദവ് പൂരിലെ ഇടതുസ്ഥാനാർത്ഥി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു.
അതേസമയം ബിജെപി നേതാവ് തതാഗത റോയ് സിപിഎം നീക്കത്തെ വിമർശിച്ച് രംഗത്തെത്തി. 1980കളിൽ കമ്പ്യൂട്ടർ പഠനത്തെ എതിർത്തിരുന്ന സിപിഎം സാങ്കേതികവിദ്യയെ ആശ്ലേഷിക്കുന്നതിലെ വിരോധാഭാസം ഉയർത്തിക്കാട്ടിയായിരുന്നു വിമർശനം.
എന്നാൽ സിപിഎം ഒരിക്കലും കമ്പ്യൂട്ടർ കൊണ്ടുവരുന്നതിന് എതിരായിരുന്നില്ലെന്ന് ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. ''പക്ഷേ കമ്പ്യൂട്ടർ കൊണ്ടുവന്നത് സിപിഎം ആഗ്രഹിച്ച രീതിയിലല്ല. അത് വൻതോതിൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നതായിരുന്നു. അത് സിപിഎം ആഗ്രഹിക്കുന്നില്ല. തതാഗത റോയ് എന്ത് വിചാരിച്ചാലും കുഴപ്പമില്ല."- അദ്ദേഹം പറഞ്ഞു.
advertisement
ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള 21 സ്ഥാനാർത്ഥികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ നേരിടാനും പാർട്ടി ആശയം ജനങ്ങളിലെത്തിക്കാനും എഐ അവതാരകയെ ഉപയോഗിച്ച് ബുള്ളറ്റിനുകൾ തയാറാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സമത എന്ന എഐ അവതാരകയെ അവതരിപ്പിച്ച് 12 മണിക്കൂറിനുള്ളിൽ 3.5k റിവ്യൂസാണ് ലഭിച്ചത്. തിങ്കാളാഴ്ച മുതൽ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലുകളിലും സമത നിറഞ്ഞുനിൽക്കുകയാണ്. 'ഫോക്കസ് ഓൺ ബെംഗാൾ' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമുമായി സമത ആഴ്ചയിൽ രണ്ടുതവണ സോഷ്യൽ മീഡിയ ഹാൻഡിലിൽ എത്തും. ആദ്യം ഇംഗ്ലീഷിലായിരിക്കും വാർത്തകൾ. വൈകാതെ ഹിന്ദിയിലും വാർത്ത അവതരിപ്പിക്കുമെന്ന് സിപിഎം ഐടി സെൽ വ്യക്തമാക്കി.
''എഐ അവതാരക ഗ്രൗണ്ടിൽ നിന്നുള്ള വസ്തുതകളായിരിക്കും അവതരിപ്പിക്കുക. എ ഐ ഉപയോഗിച്ച് ബിജെപി ചെയ്തതുപോലെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനല്ല ഇത്''- പ്രൊജക്ട് അവതരിപ്പിച്ച വിഭാഗത്തിലെ അംഗമായിരുന്ന മുതിർന്ന സിപിഎം നേതാവ് സാമിക് ലാഹിരി എക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഇതിനിടെ വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തുവന്നു. ''ഇത്തരം തീരുമാനം സിപിഎമ്മിന് ചേര്‍ന്നതല്ല. കമ്പ്യൂട്ടർ അടച്ചുപൂട്ടിയവരും ആറാം ക്ലാസ് വരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിർത്തിയവരും ഇന്ന് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നു'' - തൃണമൂൽ കോൺഗ്രസ് എംപിയും വക്താവുമായ സന്തനു സെൻ പറഞ്ഞു.