ജൂണ്‍ 24-നാണ് ജെ ഗോപാല്‍ സാമിയും ജി മഞ്ജുവും തമ്മിലുള്ള വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയില്‍ വരന്റെ മാതാപിതാക്കള്‍ക്ക് ക്രിസ്ത്യന്‍ പേരുകളാണെന്ന് കാണിച്ച് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. വധൂവരന്മാര്‍ക്കും കുടുംബത്തിനും തഹസില്‍ദാര്‍മാര്‍ നല്‍കിയ എസ്‌സി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും വിവാഹത്തിന് അനുമതി നല്‍കാന്‍ ക്ഷേത്രങ്ങളുടെ വകുപ്പ് തയ്യാറായില്ല. ഹിന്ദു എസ്‌സി പുതിരൈവണ്ണാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് അപേക്ഷകര്‍.
എസ്‌സി വിഭാത്തിലുള്ളവര്‍ ക്രിസ്തുമത വിശ്വാസം പിന്തുടരുന്നവരാണെങ്കില്‍ അവര്‍ക്ക് പിന്നോക്ക വിഭാഗ (ബിസി) സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വരന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി. ഗോപാല്‍ സാമിയുടെ അച്ഛന്റെ പേര് ജോസഫ് സാമിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യം വിവാഹം ക്ഷേത്രത്തില്‍ നടത്താന്‍ അനുവദിക്കാതിരുന്നത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ തവണ ശബരിമല അയ്യപ്പക്ഷേത്രത്തിൽ ദര്‍ശനം നടത്തിയിരുന്ന ആളായിരുന്നു തന്റെ അച്ഛനെന്നും ഗോപാല്‍ പറഞ്ഞു.
advertisement
ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് ഹിന്ദു ആചാര പ്രകാരമാണ്. മഞ്ജുവിന്റെ സഹോദരന്റെ വിവാഹം തമിഴ്‌നാട് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പിനുകീഴിലുള്ള ഇലഞ്ഞി കുമരര്‍ ക്ഷേത്രത്തില്‍വച്ചാണ് അടുത്തിടെ നടന്നത്. ഈ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും ക്ഷേത്രം ജീവനക്കാര്‍ തങ്ങളുടെ അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് ശനിയാഴ്ച ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് നടപടി തിരുത്താന്‍ തയ്യാറാകുകയും ക്ഷേത്രത്തില്‍ വിവാഹത്തിന് അനുമതി നല്‍കുകയും ചെയ്തത്.