കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും നേരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്തരത്തിൽ എറിഞ്ഞ ഒരു ബലൂൺ ദേഹത്ത് പതിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഒരു ബൈക്ക് യാത്രക്കാരൻ ഫ്ലൈഓവറിന്റെ കൈവരിയിൽ ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടി ഈ അപകടകരമായ പ്രവർത്തി ചെയ്യുമ്പോൾ മുൻസീറ്റിലിരുന്ന സ്ത്രീ ചിരിച്ചുകൊണ്ട് ഇത് ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്.
ആക്ടിവിസ്റ്റായ ദിവ്യ ഗണ്ടോത്ര ടണ്ടൻ ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. "ഇതൊരു തമാശയല്ല, ക്രിമിനൽ കുറ്റമാണ്" എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. മുൻസീറ്റിലിരുന്ന സ്ത്രീ ഇത് കണ്ട് ചിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും ആരുടെയെങ്കിലും ജീവൻ പോകുന്നതിന് മുൻപ് കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡൽഹി ട്രാഫിക് പോലീസ് അതിവേഗം നടപടി സ്വീകരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മോട്ടോർ വാഹന നിയമപ്രകാരം വാഹന ഉടമയ്ക്കെതിരെ ചലാൻ പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയിൽ കർശന നടപടി എടുത്തതായി ഡൽഹി പോലീസ് ഔദ്യോഗികമായി അറിയിച്ചു.
