കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നും അന്യ ഭട്ടിന്റെ അമ്മയെന്ന് പറഞ്ഞ സുജാത ഭട്ടിന് മകളില്ലെന്നും റിപ്പോർട്ട്. സുജാത ഭട്ടും അവരുടെ ധർമ്മസ്ഥല വിരുദ്ധ സംഘവും പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി കഥ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നുതായി ഏഷ്യാനെറ്റ് സുവർണ ന്യൂസ് റിപ്പോർട്ട് ചെയ്തു. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകൾ വാസന്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
2005 വരെ കൊൽക്കത്തയിൽ താമസിച്ചിരുന്നുവെന്ന് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഇതിന് വിരുദ്ധമാണ്. 2005 വരെ ശിവമോഗയിലെ റിപ്പൺപേട്ടിൽ പ്രഭാകർ ബാലിഗയ്ക്കൊപ്പം താമസിച്ചിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പിന്നീട്, അവർ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി.ബി.ഇ.എല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകനും മരുമകൾ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടിൽ താമസിച്ചിരുന്നപ്പോൾ, സുജാത തുടക്കത്തിൽ ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടിൽ വരികയായിരുന്നു
പ്രമേഹരോഗിയായ രംഗപ്രസാദ് ചികിത്സയ്ക്കായി പതിവായി ഒരു സ്വകാര്യ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു. അവിടെ സുജാത ഒരു ചെറിയ ജോലി ചെയ്തിരുന്നു. അവർ തമ്മിൽ പരിചയത്തിലായി. പിന്നീട് സുജാത അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കാലക്രമേണ, രംഗപ്രസാദിന്റെ മുന്നിൽ വെച്ച് അദ്ദേഹത്തിന്റെ മകനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി.
ഭർത്താവ് ശ്രീവത്സയിൽ നിന്ന് വേർപിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007 ൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു. ഇവർ മുമ്പ് ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്നു . ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു, ഇത് കുടുംബ സ്വത്തിന്മേൽ നിയന്ത്രണം ഉറപ്പിക്കാൻ സുജാതയെ സഹായിച്ചു. ഒടുവിൽ സുജാത ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ൽ അന്തരിച്ചു, കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ രംഗപ്രസാദ് ഈ വർഷം ജനുവരി 12 ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നു.
തന്റെ മകൾ അനന്യയാണെന്ന് അവകാശപ്പെട്ട് സുജാത ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ പ്രദർശിപ്പിച്ചിരുന്നു. രംഗപ്രസാദിന്റെ മരുമകൾ വാസന്തിയുടെ കോളേജ് കാലഘട്ടത്തിലെ ചിത്രമാണിതെന്ന് ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്. നീല മഷിയുള്ള പേന ഉപയോഗിച്ച് ഒരു പൊട്ട് ചേർത്ത് ഫോട്ടോയിൽ മാറ്റം വരുത്തി, അനന്യ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.