ബംഗളൂരു: കർണാടകയിലെ രണ്ട് സമ്പന്ന - രാഷ്ട്രീയകുടുംബങ്ങൾ വിവാഹത്തിലൂടെ ഒരുമിക്കുന്നു. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും വലിയ വിവാഹം എന്നു തന്നെ ഇതിനെ വിളിച്ചാൽ തെറ്റില്ല. കർണാടക സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫി ഡേ സ്ഥാപകൻ അന്തരിച്ച സിദ്ദാർത്ഥ ഹെഗ്ഡെയുടെ മകൻ അമർത്യ ഹെഗ്ഡെയുമാണ് വിവാഹിതരാകുന്നത്.
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകൻ കൂടിയായ സിദ്ദാർത്ഥ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. നിലവിൽ എസ് എം കൃഷ്ണ ബിജെപിക്ക് ഒപ്പമാണ്. എസ്.എം കൃഷ്ണ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സുപ്രധാന കാബിനറ്റ് മന്ത്രി ആയിരുന്ന ഡി.കെ ശിവകുമാറിന് 'യഥാർത്ഥ മുഖ്യമന്ത്രി' എന്ന് ഒരു വിശേഷണം പോലുമുണ്ടായിരുന്നു.
advertisement
കാൽനൂറ്റാണ്ടു കാലത്തെ സൗഹൃദമാണ് സിദ്ദാർത്ഥയും ശിവകുമാറും തമ്മിൽ ഉണ്ടായിരുന്നത്. ശിവകുമാറുമായി സിദ്ദാർത്ഥ നടത്തിയ ചില ചെറിയ ബിസിനസ് ഡീലുകൾ 2017ലെ ആദായനികുതി വകുപ്പ് റെയ്ഡിൽ പരസ്യമായിരുന്നു. ശിവകുമാറിന്റെ മകൾ ഐശ്വര്യയെയും ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തിയിരുന്നു.
മലയോര മേഖലയിലെ പരമ്പരാഗത കാപ്പി വളർത്തൽ കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു സിദ്ദാർത്ഥ. ബംഗളൂരുവിന് സമീപമുള്ള കനകപുര സ്വദേശിയാണ് ശിവകുമാർ. ഇരുവരും വോക്കലിഗ ജാതിയിൽ ഉൾപ്പെട്ടവരാണ്.
വിവാഹകാര്യങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ശിവകുമാറിന്റെ കുടുംബം എസ്.എം കൃഷ്ണയുടെ കുടുംബത്തെ വിളിച്ചിരുന്നു. സിദ്ദാർത്ഥയുടെ വിധവ മാളവികയും അവരുടെ അമ്മ പ്രേമ കൃഷ്ണയും യോഗത്തിൽ പങ്കെടുത്തിരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പിക്കുന്നത് ആയിരിക്കും ഈ വിവാഹം.
കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ മൂന്ന് വലിയ രാഷ്ട്രീയ വിവാഹങ്ങളാണ് നടന്നത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകൻ നിഖിൽ കുമാരസ്വാമി കോൺഗ്രസ് നേതാവിന്റെ കൊച്ച് അനന്തരവളെയാണ് വിവാഹം കഴിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ സിപിഎമ്മിന്റെ യുവനേതാവ് പി.എ മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ചു. ഇപ്പോൾ ഇതാ, ശിവകുമാറിന്റെ മകളും സിദ്ദാർത്ഥയുടെ മകനും വിവാഹിതരാകാൻ പോകുന്നു.