ഈ സീസണിലെ ഇരു ക്ലബ്ബുകളുടെയും ആദ്യത്തെ മത്സരമായ 'കൊല്‍ക്കത്ത ഡെര്‍ബി' ഞായറാഴ്ച റദ്ദാക്കിയിരുന്നു. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനനിമിഷമാണ് മത്സരം റദ്ദാക്കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ ഒന്നിച്ചു നിന്നാണ് ഡോക്ടര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയത്.
വലിയ പ്രതിഷേധ പ്രകടനമുണ്ടാകുമെന്ന് ഭയന്നാണ് മത്സരം മാറ്റിവെച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, മത്സരത്തിനിടെ അക്രമത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മത്സരം റദ്ദാക്കാന്‍ പോലീസ് തീരുമാനിച്ചത്. "ചിലര്‍ സ്‌റ്റേഡിയത്തിന് പുറത്തുവന്ന് പ്രശ്‌നമുണ്ടാക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു," ബിധാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസിനെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഓഡിയോയും അവര്‍ പുറത്തുവിട്ടു.
advertisement
എന്നാല്‍, പോലീസിന്റെ ഈ നടപടിയൊന്നും പ്രതിഷേധക്കാരെ അകറ്റിനിറുത്തിയില്ല. നൂറ്റാണ്ടോളം പഴക്കമുള്ള വൈരം മറന്ന് ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ സാള്‍ട്ട് ലേക്കിലെ യുവ ഭാരതി ക്രിരംഗനില്‍ ഒത്തുചേരുകയും ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ഹിന്ദുക്കളാണ് പരമ്പരാഗതമായി ഈസ്റ്റ് ബംഗാളിനെ പിന്തുണയ്ക്കുന്നവര്‍. പശ്ചിമബംഗാളില്‍ തന്നെ ജനിച്ചുവളര്‍ന്നവരാണ് പരമ്പരാഗതമായി മോഹന്‍ ബഗാനെ പിന്തുണയ്ക്കുന്നത്.
പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും ജേഴ്‌സിയണിഞ്ഞ രണ്ടുപേരെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വലിയൊരു ജനക്കൂട്ടം വാഹനത്തിന് പുറത്ത് പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ക്ലബ്ബുകളാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും. ഏകദേശം ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇരുവരും തമ്മിലുള്ള വൈരം. 1980ല്‍ ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും 16 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് നേരെ വിപരീതമായ കാഴ്ചയാണ് ഞായറാഴ്ച സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്തു കണ്ടത്. ഇതാദ്യമായാണ് മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും 60,000ത്തോളം വരുന്ന ആരാധകര്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണുന്നതെന്ന് സാമൂഹികമാധ്യമത്തില്‍ ഒരാള്‍ അവകാശപ്പെട്ടു. ഇത്തരമൊരു കാഴ്ച കൊല്‍ക്കത്തയില്‍ ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു. "ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നു. അത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന്" മറ്റൊരാള്‍ ചോദിച്ചു.
ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനുമൊപ്പം കൊല്‍ക്കത്തിയലെ മറ്റൊരു പ്രധാന ഫുട്‌ബോള്‍ ക്ലബ്ബായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും പ്രതിഷേധത്തില്‍ അണി നിരന്നു. "ഞങ്ങള്‍ക്ക് നീതി വേണം" എന്ന് അവര്‍ ഒരൊറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധപ്രകടനത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നഗരത്തിലെ ഒരു ബൈപ്പാസ് റോഡ് മൂന്നര മണിക്കൂറോളം അടച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. മോഹന്‍ ബഗാന്‍ കാപ്റ്റന്‍ സുഭാസിസ് ബോസ് പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
"ഞാന്‍ സ്‌റ്റേഡിയത്തിന് പുറത്തുപോയിരുന്നു. ധാരാളം ഫുട്‌ബോള്‍ ആരാധകരും അവിടെ അപ്പോള്‍ ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും ആരാധകര്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണുന്നത് ഇതാദ്യമാണ്," ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ എഎന്‍ഐയോട് പറഞ്ഞു.
"ആര്‍ജി കര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ (ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും ആരാധകര്‍) ഒന്നിച്ചു നില്‍ക്കുന്നതെന്ന്" സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ച ഒരാള്‍ പറഞ്ഞു. ഇത് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള പോരാട്ടമല്ല. മറിച്ച് മുഴുവൻ ഇന്ത്യയുടെയും പ്രതിഷേധമാണെന്ന് മറ്റൊരാള്‍ പറഞ്ഞു.
മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. "മമതാ ബാനര്‍ജിക്കെതിരേ പ്രതിഷേധവുമായി ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ബഗാന്റെയും ആരാധകര്‍ ഒന്നിച്ചു നില്‍ക്കുന്നു. അപൂര്‍വ ചിത്രമാണിത്," ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ച് പറഞ്ഞു.
'പ്രതിഷേധം ഭയന്ന് ആഗസ്ത് 18 ന് നിശ്ചയിച്ചിരുന്ന ഈസ്റ്റ് ബംഗാള്‍ - മോഹന്‍ ബഗാന്‍ മത്സരം റദ്ദാക്കിയെങ്കിലും, ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ പെണ്‍കുട്ടിക്ക് നീതി തേടി, ഇന്ന് വൈകുന്നേരം ഫുട്‌ബോള്‍ ആരാധകര്‍ വന്‍തോതില്‍ എത്തിയിരുന്നു...' മാളവ്യ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. മമത ബാനര്‍ജിക്ക് അവരെ തടയാനായില്ല. എന്നാല്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൊല്‍ക്കത്ത പോലീസ് ലാത്തി വീശി. ദുഃഖകരവും നിര്‍ഭാഗ്യകരവുമായ സംഭവമാണിത്. ബംഗാൾ ഭരിക്കുന്ന ടിഎംസിയുടെ മരണമണിയായിരിക്കും ഇത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.