തനിക്കും തന്റെ കുടുംബത്തിനും നേരെയുള്ള രാഷ്ട്രീയ വേട്ടയാടലാണ് ഇഡി നടപടിയെന്ന് 56കാരനായ വാദ്ര ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വാദ്ര ചോദ്യം ചെയ്യലിനായി ഹാജരായത്. വയനാട് എംപിയും ഭാര്യയുമായ പ്രിയങ്കാ ഗാന്ധിയും വാദ്രയെ അനുഗമിച്ചിരുന്നു. വൈകീട്ട് 6.15ന് ചോദ്യം ചെയ്യലിന് ശേഷം ഇരുവരും ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങി. ചോദ്യം ചെയ്യാനായി വാദ്രയെ വീണ്ടും വിളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വാദ്രയോട് 16 മുതല്‍ 17 ചോദ്യങ്ങള്‍ വരെ ചോദിച്ചതായും കള്ളപ്പണം വെളുപ്പിക്കല്‍ തടയന്‍ നിയമം (പിഎംഎല്‍എ) പ്രകാരം വാദ്രയുടെ മൊഴി രേഖപ്പെടുത്തിയായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
advertisement
2019ലും 2020ലും ഹരിയാന സര്‍ക്കാരില്‍ നിന്നും മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്നും ഈ കേസില്‍ തനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതാണെന്ന് വ്യാഴാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വാദ്ര പറഞ്ഞു.
"ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എന്നെ എന്തിനാണ് വിളിക്കുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതുകൊണ്ടാണ് ഇത് അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആളുകള്‍ കരുതുന്നത്," വാദ്ര പറഞ്ഞു.
രാഷ്ട്രീയ പക പോക്കലിന്റെ ഫലമാണ് തനിക്കും കുടുംബത്തിനുമെതിരായ ഇഡി നടപടിയെന്ന് വാദ്ര അവകാശപ്പെട്ടു. താന്‍ എപ്പോഴും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കാറുണ്ടെന്നും ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഏകദേശം 20 വര്‍ഷം പഴക്കമുള്ള ഈ കേസുകളില്‍ നിന്ന് വിടുതല്‍ നല്‍കേണ്ടത് ആവശ്യമാണെന്നും വാദ്ര പറഞ്ഞു.
ഈ കേസില്‍ വാദ്രയ്‌ക്കെതിരേ ഇഡി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകള്‍ കൂടി വാദ്രയ്ക്കെതിരേ എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ചില സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സാധ്യതയുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസര്‍-ഷിക്കോപൂരിലെ (ഇപ്പോള്‍ സെക്ടര്‍ 83) ഭൂമി ഇടപാടുമായി ബന്ധപ്പെട്ടതാണ് വാദ്രയ്‌ക്കെതിരായ ഏറ്റവും പുതിയ അന്വേഷണം.
വാദ്ര മുമ്പ് ഡയറക്ടറായിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2008 ഫെബ്രുവരിയില്‍ നടത്തിയ ഭൂമി ഇടപാടാണ് കേസിനാധാരം. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് ഷിക്കോപൂരിലെ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു.
അന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഹരിയാന ഭരിച്ചിരുന്നത്. നാല് വര്‍ഷത്തിന് ശേഷം 2012 സെപ്റ്റംബറില്‍ കമ്പനി റിയല്‍എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് ഈ ഭൂമി വിറ്റു. 2012 ഒക്ടോബറില്‍ ഹരിയാനയിലെ ലാന്‍ഡ് കണ്‍സോളിഡേഷന്‍ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് കം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറലായി നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക സ്‌റ്റേറ്റ് കണ്‍സോളിഡേഷന്‍ ആക്ടിന്റെയും അനുബന്ധ നടപടിക്രമങ്ങളുടെയും ലംഘനമാണെന്ന് കാട്ടി ഇടപാട് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇത് വിവാദത്തിലായി.
ഭൂമി ഇടപാടുകളിലെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമാണ് ഇതെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി വിശേഷിപ്പിച്ചിരുന്നു. 2018ല്‍ ഈ ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഹരിയാന പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റ് രണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വാദ്രയെ ഇഡി മുമ്പ് പലതവണ ചോദ്യം ചെയ്തിരുന്നു.