സുപ്രീം കോടതി മുന്‍ ജസ്റ്റിസ് രഞ്ജന ദേശായിയാണ് കമ്മീഷന്റെ അധ്യക്ഷ. ഐഐഎം ബംഗളൂരുവില്‍ നിന്നുള്ള പ്രൊഫസര്‍ പുലക് ഘോഷിനെ പാര്‍ട് ടൈം കമ്മീഷണറായി നിയമിച്ചു. പെട്രോളിയം വകുപ്പ് സെക്രട്ടറി പങ്കജ് ജെയിന്‍ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
കേന്ദ്ര മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവന പ്രകാരം എട്ടാം ശമ്പള കമ്മീഷന്‍ ഒരു താല്‍ക്കാലിക സ്ഥാപനമായി പ്രവര്‍ത്തിക്കും. ഒരു ചെയര്‍പേഴ്‌സണ്‍, ഒരു പാര്‍ട് ടൈം അംഗം, ഒരു അംഗ സെക്രട്ടറി എന്നിവരാണ് കമ്മീഷനില്‍ ഉണ്ടാകുക. രൂപവത്കരിച്ച് 18 മാസത്തിനുള്ളില്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട ശുപാര്‍ശകള്‍ അന്തിമമാക്കുമ്പോള്‍ ഇടക്കാല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കും. തുടര്‍ന്ന് കമ്മീഷന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
advertisement
2026 ജനുവരി ഒന്നിന് മിക്കവാറും എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നേക്കും.
എട്ടാം ശമ്പള കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചകളില്‍ പരിഗണിച്ചേക്കും
1. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകതയും
2. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത
3. പങ്കാളിത്ത സ്വഭാവമില്ലാത്ത പെന്‍ഷന്‍ പദ്ധതികളുടെ സാമ്പത്തിക ബാധ്യത പരിശോധിക്കുക
4. കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ ചെറിയ മാറ്റങ്ങളോടെ സംസ്ഥാനങ്ങളും നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസ്ഥിതിയില്‍ വരുത്തിയേക്കാവുന്ന ആഘാതം
5. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവ താരതമ്യം ചെയ്യുക.
ശമ്പള കമ്മീഷന്റെ ഒരു ചട്ടക്കൂട് രേഖയായി ടേംസ് ഓഫ് റഫറന്‍സ് പ്രവര്‍ത്തിക്കും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഇതില്‍ ഉള്‍കൊള്ളുന്നു. കമ്മീഷന്റെ പ്രവര്‍ത്തനത്തെ നയിക്കുന്ന അവശ്യ നിര്‍വചനങ്ങള്‍, നിബന്ധനകള്‍, വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മന്ത്രിസഭ സമിതിയുടെ അന്തിമ അംഗീകാരത്തോടെ ഒരു ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (ജെസിഎം) ആണ് ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നത്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജെസിഎമ്മില്‍ ഉണ്ടാകും. അതിലെ 60 അംഗങ്ങളില്‍ നിന്ന് 12 പേരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കും. ഇവര്‍ ടേംസ് ഓഫ് റഫറന്‍സിനെ കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അന്തിമ ടിഒആര്‍ പിന്നീട് കേന്ദ്ര മന്ത്രിസഭാ അംഗീകാരത്തിനായി സമര്‍പ്പിക്കുകയുമാണ് ചെയ്യുക.
ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ വികസിപ്പിക്കുമ്പോള്‍ പ്രധാന റഫറന്‍സ് രേഖ എന്ന നിലയിലാണ് ടിഒആറിന്റെ പ്രാധാന്യം. നിലവില്‍ സര്‍ക്കാര്‍ റഫറന്‍സ് നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല. കമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്തം ജീവനക്കാരുടെ പങ്കാളിത്ത സ്വഭാവമില്ലാത്ത പെന്‍ഷന്‍ പദ്ധതികളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക എന്നതാണ്.
2025 ജനുവരിയിലാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ടേംസ് ഓഫ് റഫറന്‍സോ കമ്മീഷന്‍ അംഗങ്ങളെയോ നിശ്ചയിച്ചിരുന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, സേവന വ്യവസ്ഥകള്‍ എന്നിവയിലെ മാറ്റങ്ങള്‍ വിലയിരുത്തുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായാണ് ഇടയ്ക്കിടെ കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപവത്കരിക്കുന്നത്. പത്ത് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്രം കമ്മീഷനെ നിയമിക്കാറുള്ളത്. 2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. അതിന്റെ നിര്‍ദ്ദേശങ്ങള്‍ 2016 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ രീതി പിന്തുടര്‍ന്ന് 2026 ജനുവരി ഒന്ന് മുതല്‍ എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരും.
