തിങ്കളാഴ്ച ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിലെ പ്രധാന പ്രതിയും ചാവേറെന്നും സംശയിക്കുന്ന ഡോ. ഉമർ ഉൻ നബി 'ഫരീദാബാദ് മൊഡ്യൂളിലെ' ഏറ്റവും വലിയ തീവ്രവാദിയെന്നാണ് സൂചന. ഉമറിനൊപ്പം ഡോ. മുസമ്മിൽ അഹമ്മദ് ഗനായ്, ഡോ. അദീർ മജീദ് റാത്തർ, ഡോ. ഷഹീൻ ഷാഹിദ് എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ ഉൾപ്പെട്ടിരുന്നു. മൂവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഉമർ തങ്ങളുടെ സംഘത്തിലെ ഏറ്റവും വലിയ തീവ്രവാദി അംഗമാണെന്നും അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ ജോലി കഴിഞ്ഞ് കണ്ടുമുട്ടുമ്പോഴെല്ലാം ഉമർ രാജ്യത്ത് ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഷഹീൻ വെളിപ്പെടുത്തി.
advertisement
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ഇന്ത്യയിലുടനീളം ഭീകരാക്രമണം നടത്തുന്നതിന് ഉപയോഗിക്കുന്നതിനായി മുസമ്മിൽ, അദീൽ എന്നിവരോടൊപ്പം ഉമറും അമോണിയം നൈട്രേറ്റ് പോലെയുള്ള സ്‌ഫോടക വസ്തുക്കൾ ഏകദേശം രണ്ട് വർഷമായി ശേഖരിച്ചുവരികയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുപി പൊലീസ്, ഹരിയാന പൊലീസ് എന്നിവരുടെ സഹായത്തോടെ മുസമ്മിൽ, അദീൽ, ഷഹീൻ എന്നിവരെ നേരത്തെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാ മെഡിക്കൽ കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഉമർ ഒളിവിലായിരുന്നു. ഇയാളാണ് ചെങ്കോട്ടയിൽ ചാവേർ ബോംബാക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്ററുകൾ തുടങ്ങിയ സ്‌ഫോടകവസ്തുക്കൾ i 20 കാറിൽ നിറച്ചതായി സംശയിക്കുന്നു. സ്‌ഫോടനത്തിൽ ശരീരം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയ ഡോ. ഉമർ മുഹമ്മദാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തി.
