2008ലെ മലേഗാവ് സ്‌ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി മുൻ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും മുതിർന്ന ബിജെപി നേതാവ് റാം മാധവ് ഉൾപ്പെടെ നിരവധി പേരുടെ പേര് അവർ തന്നെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതെല്ലാം ചെയ്യാൻ കഠിനമായി പീഡിപ്പിച്ചെന്നും പ്രഗ്യാ സിങ് വെളിപ്പെടുത്തിയതായി എൻഡിടവി റിപ്പോർട്ട് ചെയ്തു.
advertisement
ഗുജറാത്തിലാണ് താമസിച്ചിരുന്നതിനാൽ അവർ പ്രധാനമന്ത്രി മോദിയുടെ പേരും പറയാൻ ആവശ്യപ്പെട്ടെന്നും ഇത്തരത്തിൽ യോഗി ആദിത്യനാഥ്, മോഹൻ ഭഗവത്, ഇന്ദ്രേഷ് കുമാർ എന്നിവരുടെ പേരുകളും പറയാൻ ആവശ്യപ്പെട്ടതായി ഠാക്കൂർ പറഞ്ഞു.നേതാക്കളുടെ പേര് പറഞ്ഞാല്‍ പീഡിപ്പിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായും തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നെന്നും പ്രഗ്യാ സിങ് വെളിപ്പെടുത്തി. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തന്നെ തെറ്റായി കുടുക്കിയതാണെന്നും തന്നെ കുറ്റവിമുക്തയാക്കിയ നടപടി സനാതന ധർമ്മത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിജയമാണെന്നും ഠാക്കൂർ പറഞ്ഞു.
2008 ലെ മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെയും പ്രത്യേക എൻഐഎ കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കയിരുന്നു. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ നിറച്ച മോട്ടോർ സൈക്കിൾ ഠാക്കൂറിന്റേതാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അവകാശപ്പെട്ടിരുന്നു.
ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി മുൻ എടിഎസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത് . ഭാഗവതിനെ കസ്റ്റഡിയിലെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ആ ഉത്തരവുകൾ ലംഘിച്ചുവെന്ന് മുൻ എടിഎസ് ഉദ്യോഗസ്ഥൻ മെഹബൂബ് മുജാവർ വെളിപ്പെടുത്തിയിരുന്നു.