ഗാന്ധി കുടുംബമാണ് തന്റെ ദൈവം എന്ന് പറഞ്ഞ ഡികെ ശിവകുമാര്‍ ഗാന്ധി കുടുംബത്തോടും കോണ്‍ഗ്രസിനോടുമുള്ള വിശ്വസ്തത തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. അവസാന ശ്വാസം വരെ കോണ്‍ഗ്രസിനൊപ്പം തുടരുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ബെംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാര്‍.
ആര്‍എസ്എസിനെ ഒരിക്കലും പ്രശംസിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. "1980-ല്‍ കോണ്‍ഗ്രസുകാരനായി ഞാന്‍ എന്റെ യാത്ര ആരംഭിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രം പഠിപ്പിച്ചു. ബിജെപി എന്നെ പീഡിപ്പിക്കുകയും തിഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. തന്റെ പ്രവൃത്തി ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു", ഡികെ പറഞ്ഞു.
advertisement
ഒരു കോണ്‍ഗ്രസുകാരനായാണ് ജനിച്ചതെന്നും ഒരു കോണ്‍ഗ്രസുകാരനായി തന്നെ മരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ കോണ്‍ഗ്രസിനോട് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഡികെ ശിവകുമാര്‍ നിയമസഭയില്‍ ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനാ ഗീതം ചൊല്ലിയത്. സഭയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഡികെ ആര്‍എസ്എസ് ശാഖകളിൽ ചൊല്ലുന്ന 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ...' എന്ന ഗാനം ആലപിക്കുകയായിരുന്നു. ഇതിന്റെ 73 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഡികെ ശിവകുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയാണോ ഇതെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
ഇതോടെ ഡികെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ജനനം മുതല്‍ ജീവിതകാലം മുഴുവനും കോണ്‍ഗ്രസ് ആയി തന്നെ തുടരുമെന്നും ബിജെപിയിലേക്ക് ചാടാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവം ബിജെപിയും കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. രാഹുല്‍ ഗാന്ധിയും ഗാന്ധി കുടുംബത്തിന്റെ അടുത്ത അനുയായികളും ഇപ്പോള്‍ കോമയിലായെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
കോണ്‍ഗ്രസിനകത്തും ഈ സംഭവം അസ്വസ്ഥതയുണ്ടാക്കി. ഉപമുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഗാനം ആലപിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും അദ്ദേഹം അങ്ങനെ ചെയ്യുന്നത് അനുചിതമാണെന്ന് ഹരിപ്രസാദ് വാദിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡ് നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വര പറഞ്ഞു.
ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും പ്രസ്താവന നടത്തുകയും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അവസാന നിലപാട് ഹൈക്കമാന്‍ഡിന്റേതാണ്. ഡികെ ശിവകുമാര്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് തോന്നിയാല്‍ അതിന് വിശദീകരണം ചോദിക്കും. ഇത് ഒരു പരാമര്‍ശം മാത്രമാണെന്നും വിഷയമാക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡിന് തോന്നിയാല്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.