വോട്ടര്‍പട്ടിക പരിഷ്‌കരണം വിവേചനപരമാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
പ്രതിഷേധത്തെക്കുറിച്ചുള്ള അഞ്ച് പ്രധാന കാര്യങ്ങള്‍
ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താന്‍ മഹാസഖ്യം തീരുമാനിച്ചത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി പാറ്റ്‌നയില്‍ എത്തിയിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് ബീഹാര്‍ നിയമസഭയ്ക്ക് സമീപമുള്ള ആദായനികുതി റൗണ്ട്എബൗട്ടില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് അദ്ദേഹം മാര്‍ച്ച് നടത്തും. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അദ്ദേഹം സംസ്ഥാനത്ത് നടത്തുന്ന ഏഴാമത്തെ സന്ദര്‍ശനമാണിത്.
advertisement
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പക്ഷപാതം കാട്ടിയെന്ന് ആരോപണം
കോണ്‍ഗ്രസിനൊപ്പം മഹാസഖ്യത്തിലെ മറ്റ് അംഗങ്ങളായ ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. റോഡുകൾ ഉപരോധിച്ച് പ്രതിഷേധം നടത്താനാണ് പദ്ധതി ഇടുന്നത്. വോട്ടര്‍ പട്ടികയിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പക്ഷപാതപരമാണെന്ന് അവര്‍ അവകാശപ്പെടുന്നു. ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും വോട്ടുകള്‍ അടിച്ചമര്‍ത്തുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ''ഇത് ദരിദ്രരുടെ വോട്ടവകാശത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്,'' ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം പറഞ്ഞു.
സംസ്ഥാന വ്യാപക പ്രതിഷേധം
പ്രതിഷേധത്തിന്റെ ഭാഗമായി പാറ്റ്നയിലെ പ്രധാന കവലകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ മഹാസഖ്യം പദ്ധതിയിടുന്നു. മൂന്ന് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടനം വ്യക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അണിനിരത്തിയിട്ടുണ്ട്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക പരിഷ്‌കരണ നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കം
ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ഇത് ദളിതര്‍, മഹാദളിതര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ എന്നിവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന് പ്രതിപക്ഷം ഭയക്കുന്നു.
കൊല്ലപ്പെട്ട ബിസിനസുകാരന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും
ജൂലൈ നാലിന് ഗാന്ധി മൈതാനത്തിന് സമീപം വെടിയേറ്റ് കൊല്ലപ്പെട്ട വ്യവസായി ഗോപാല്‍ ഖേംകയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കുമെന്ന് വിവിധ സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനനില വഷളായെന്ന് കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരേയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്.