കഴിഞ്ഞ ഒരാഴ്ചയോളമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ജില്ലയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് ഹൃദയ പരിശോധന നടത്തി വരികയാണ്. ഇതുവരെ 1185 സ്‌കൂളിൽ നിന്നായി ഏകദേശം 56,000 വിദ്യാര്‍ഥികളെ പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ 112 വിദ്യാര്‍ഥികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭാവിയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനും ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നു.
advertisement
ഹാസ്സനില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതില്‍ 75 ശതമാനവും ജീവിതശൈലിയിലെ മാറ്റവും ആരോഗ്യപ്രശ്‌നങ്ങളും മൂലമാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞിരുന്നു. പ്രമേഹം, പൊണ്ണത്തടി, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്ത സമ്മര്‍ദം, സമ്മര്‍ദ്ദകരമായ ജോലി സാഹചര്യങ്ങള്‍, ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ കാരണങ്ങളാണെന്നും കണ്ടെത്തിയിരുന്നു.
ഹൃദയാഘാതം മൂലം ആറ് ഡ്രൈവര്‍മാർ മരിച്ച സാഹചര്യത്തില്‍ ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്കായി ആരോഗ്യ പരിശോധനകള്‍ നടത്താനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഹൃദയപരിശോധന, സ്‌കൂളുകളിലും കോളേജുകളിലും സിപിആര്‍ പരിശീലനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഹൃദയ ജ്യോതി പദ്ധതി വിപുലീകരിക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ച് വരികയാണ്. പതിവ് വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, മതിയായ ഉറക്കം, മാനസിക സമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള വഴികള്‍, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും മന്ത്രി രാജണ്ണ പറഞ്ഞു.