പാകിസ്ഥാനുമായി 1037 കിലോമീറ്ററാണ് രാജസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തി രക്ഷാസേന അതീവ ജാഗ്രത പാലിച്ച് അതിര്‍ത്തി അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിന് പുറമെ ഇന്ത്യന്‍ വ്യോമസേനയും ഇവിടെ ജാഗ്രത പുലര്‍ത്തി വരുന്നു.
അതിര്‍ത്തി ജില്ലകളായ ബാര്‍മര്‍, ജെയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനെര്‍, ശ്രീ ഗംഗാനഗര്‍ എന്നിവടങ്ങളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവ അടച്ചിടാനാണ് നിർദേശം.
ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി അപേക്ഷകള്‍ റദ്ദാക്കുകയും ഓഫീസ് ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ നിരീക്ഷണം നടത്താനും പ്രശ്‌നബാധിത മേഖലയില്‍ സുരക്ഷ ശക്തമാക്കാനും സംസ്ഥാന സർക്കാർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളില്‍ മതിയായ അളവില്‍ രക്തം സൂക്ഷിച്ചിട്ടുണ്ടെന്നും ജീവന്‍രക്ഷാ മരുന്നുകള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ഗംഗാനഗര്‍, ബിക്കാനീര്‍, ഫലോഡി, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ എന്നിവടങ്ങളിലെ ജില്ലാ കളക്ടര്‍മാരോട് സൈന്യവുമായും കേന്ദ്ര ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്ററുകള്‍ തയ്യാറാക്കി വയ്ക്കുക, സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഉടനടി നടപടിയെടുക്കുക, ഭക്ഷണ വിതരണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഇന്ധനം നിറയ്ക്കുന്ന പമ്പുകളില്‍ ആവശ്യത്തിന് പെട്രോളും ഡീസലും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനും അപകടസാധ്യത കൂടിയ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാനും അവിടെ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ രാജസ്ഥാനിലെ മൂന്ന് സൈനിക താവളങ്ങള്‍ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷ്യമിട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മേയ് ഏഴ്, എട്ട് തീയതികളില്‍ രാത്രിയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ നിരവധി സൈനിക താവളങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാകിസ്ഥാൻ ശ്രമിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതില്‍ രാജസ്ഥാനിലെ മൂന്ന് സൈനികതാവളങ്ങളും ഉള്‍പ്പെടുന്നു. ബിക്കാനീറിലെ നാല്‍, ഫലോഡി, ബാര്‍മറിലെ ഉത്തര്‍ലൈ എന്നീ സൈനിക താവളങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. ഇന്റര്‍ഗ്രേറ്റഡ് കൗണ്ട് യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഈ ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തിയതായി പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ട മൂന്ന് ഇടങ്ങളിലും വ്യോമസേനാ താവളങ്ങളുണ്ട്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇവിടങ്ങളിലെല്ലാം ജാഗ്രതയിലായിരുന്നു. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ രാജസ്ഥാനില്‍ നിലവില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
സ്‌കൂളുകള്‍ അടച്ചിടല്‍, മോക്ക് ഡ്രില്ലുകള്‍ നടത്തല്‍, വിമാനങ്ങള്‍ റദ്ദാക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറാക്കല്‍, സോഷ്യല്‍ മീഡിയ നിരീക്ഷിക്കല്‍, മരുന്നുകളുടെയും ഡോക്ടര്‍മാരുടെയും ലഭ്യത ഉറപ്പാക്കല്‍, അവധി റദ്ദാക്കല്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഗുജറാത്തില്‍ മൂന്ന് ദിവസത്തെ ബിജെപി പരിശീലന ക്യാംപില്‍പങ്കെടുത്ത ശേഷം ബുധനാഴ്ച രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ സംസ്ഥാനത്ത് തിരികെയെത്തിയിരുന്നു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഉടനടി നടപടിയെടുക്കാനും സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദേശിച്ചു.
ആശുപത്രികളില്‍ മതിയായ മരുന്നുകള്‍, ഓക്‌സിജന്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍, ആവശ്യമായ മനുഷ്യവിഭവശേഷി, ഉപകരണങ്ങള്‍, വെള്ളം, വൈദ്യുതി, മറ്റ് അവശ്യ വിഭവങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിര്‍ത്തി സുരക്ഷാ സേന(ബിഎസ്എഫ്) നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ, ബിഎസ്ഫ് ഉദ്യോഗസ്ഥര്‍ പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വ്യോമസേനയുടെ നേതൃത്വത്തില്‍ ആകാശത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.