"വിവാഹം ഒരു വ്യാപാര ഇടപാടല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ പ്രധാന ഭാഗമായ ഭാര്യ-ഭര്‍ത്താക്കന്‍മാരായി സ്ത്രീയും പുരുഷനും മാറുന്ന ആഘോഷം ആണ് വിവാഹം," എന്ന് കോടതി നിരീക്ഷിച്ചു. ഒരു വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ്. "നിയമത്തില്‍ വിവരിക്കുന്ന ചടങ്ങുകള്‍ ഒരു വ്യക്തിയുടെ ആത്മീയ സത്തയെ ശുദ്ധീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ പുരോഹിതനും ദമ്പതികളും ഈ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ആത്മാര്‍ത്ഥമായ നടത്തിപ്പ് ഉറപ്പാക്കണം. വിവാഹിതരായ ദമ്പതികളുടെ ജീവിതത്തിലെ ഈ സംഭവത്തിന്റെ ഭൗതികവും ആത്മീയവുമായ വശങ്ങള്‍ 1955-ലെ ഹിന്ദു വിവാഹ നിയമം ഗൗരവത്തോടെ അംഗീകരിക്കുന്നുവെന്ന്", സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. എന്താണ് ആ കേസ് എന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ കാരണമെന്തെന്നുമറിയാം.
advertisement
വിധിയിലേക്ക് നയിച്ച സംഭവം
വിവാഹമോചന നടപടികള്‍ ബീഹാറില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ച സ്ത്രീ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പൈലറ്റുമാരായ ദമ്പതികള്‍ 2021 മാര്‍ച്ചിലാണ് വിവാഹിതരായത്. വാദിക് ജനകല്യാണ്‍ സമിതിയില്‍ നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം 2021 ജൂലൈയില്‍ തങ്ങള്‍ വിവാഹം ആഘോഷപൂര്‍വ്വം നടത്തിയെന്നാണ് ഇവരുടെ ഹര്‍ജിയില്‍ പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സംയുക്ത അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഹിന്ദുവിവാഹ നിയമപ്രകാരമുള്ള ആചാരങ്ങള്‍ അനുസരിച്ചല്ല വിവാഹം നടന്നതെന്നും അതിനാല്‍ വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ഇന്ത്യയിലെ വിവാഹ നിയമങ്ങള്‍
ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി എന്നിവരുടെ വിവാഹം യഥാക്രമം ഹിന്ദു വിവാഹ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം എന്നിവ അനുസരിച്ചാണ് നടത്തിവരുന്നത്. മുസ്ലീം വ്യക്തിനിയമം അനുസരിച്ചാണ് ഇസ്ലാം വിഭാഗത്തിലെ വിവാഹങ്ങള്‍ നടത്തപ്പെടുന്നത്. ലിംഗായത്ത്, ആര്യസമാജ വിശ്വാസികള്‍, ബുദ്ധര്‍, ജൈനര്‍, എന്നിവരും ഹിന്ദു വിവാഹ നിയമത്തിന് കീഴിലാണ് ഉള്‍പ്പെടുന്നത്.
മിശ്രവിവാഹങ്ങള്‍ക്കായി പ്രത്യേകം നിയമങ്ങള്‍ നിലവിലില്ല. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് -1954 പാസാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യന്‍ പൗരന്‍മാര്‍ തമ്മിലും വിദേശ പൗരന്‍മാര്‍ തമ്മിലുമുള്ള വിവാഹങ്ങളില്‍ പാലിക്കേണ്ട അടിസ്ഥാന നിയമമാണിത്.
ഹിന്ദുവിവാഹ നിയമപ്രകാരമുള്ള ചടങ്ങുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണം
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം ഹിന്ദു വിവാഹം ഇരു കക്ഷികളുടെയും ആചാരങ്ങളുടെയും ചടങ്ങിന്റെയും അടിസ്ഥാനത്തില്‍ നടത്താവുന്നതാണ്. ചടങ്ങുകള്‍ നടത്തിയിട്ടില്ലാത്ത പക്ഷം വിവാഹത്തിന് സാധുതയുണ്ടായിരിക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
നിയമത്തിലെ സെക്ഷന്‍ 8 ഹിന്ദു വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ വിവാഹിതരായതിന്റെ തെളിവ് കാണിക്കേണ്ടതാണ്. വിവാഹ ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ഇരുവരും ഹിന്ദു മതവിഭാഗത്തില്‍പ്പെടുന്നവരാണെന്ന് തെളിയിക്കുന്ന രേഖ, വിവാഹം ഹിന്ദുമത ആചാരപ്രകാരമാണ് നടന്നതെന്ന രേഖ എന്നിവയും സമര്‍പ്പിക്കേണ്ടതാണ്.
എന്നാല്‍ ഹര്‍ജിക്കാരായ ദമ്പതികള്‍ വിവാഹം നടത്തിയതായി കാണിച്ച് വാദിക് ജനകല്യാണ്‍ സമിതിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദു ആചാര പ്രകാരമല്ല വിവാഹം നടന്നതെങ്കില്‍ അത്തരം വിവാഹങ്ങള്‍ക്ക് സാധുതയുണ്ടായിരിക്കുന്നതല്ലെന്ന് കോടതി പ്രഖ്യാപിച്ചു. ചടങ്ങുകളുടെ അഭാവത്തില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹത്തെ സ്ഥിരീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.