ശ്രീനഗറിലെ നെഗാം എന്ന പ്രദേശത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ നിന്നാണ് കേസ് അന്വേഷണം ആരംഭിച്ചതെന്ന് ഔദ്യോഗിക സ്രോതസ്സുകള്‍ പറയുന്നു. തീവ്രവാദത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കേന്ദ്ര ഏജന്‍സികളുമായി ഇടപെടുന്നതിനെതിരെ പ്രദേശത്തെ കടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടുള്ളതായിരുന്നു.
സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചത് കശ്മീരില്‍ നിന്നുള്ള ഡോ. ആദില്‍ ആണെന്ന് ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ശ്രീനഗറിലെ മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.
advertisement
2021-22ലാണ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട നെറ്റ്‌വര്‍ക്കിന്റെ തീവ്രവാദ ശ്രമങ്ങള്‍ ആരംഭിച്ചതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ആദ്യം ഹാഷിം എന്ന വ്യക്തിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പിന്നീട് കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍ ഒമര്‍ എന്ന പുതിയ നേതാവിന്റെ കീഴിലേക്ക് പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സഹാറന്‍പൂരില്‍ നിന്നുള്ള ഡോ. ആദിലിന്റെ അറസ്‌റ്റോടെയാണ് ഇതുമായി ബന്ധപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇയാളാണ് കേസില്‍ ഉള്‍പ്പെട്ട ഡോ. മുസമില്‍ ഉള്‍പ്പെടെയുള്ള സഹ ഡോക്ടര്‍മാരിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. ഡോ. മുസമിലിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തത്.
അമോണിയം നൈട്രേറ്റും മറ്റ് രാസവസ്തുക്കളും ഉള്‍പ്പെടെ ഐഇഡി നിര്‍മ്മാണ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെ നിന്നും പിടികൂടിയത്. 350 കിലോയോളം അമോണിയം നൈട്രേറ്റും ഒരു എകെ ക്രിന്‍കോവ് റൈഫിളും ഇതിലുണ്ടായിരുന്നു. കൂടാതെ ഒരു വാഹനത്തില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പോലീസ് കണ്ടെത്തി. നാല് വലിയ സ്യൂട്ട്‌കേസുകളിലായാണ് ഫരീദാബാദില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.
അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്നും നേരത്തെ തന്നെ എകെ47 റൈഫിള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഫരീദാബാദില്‍ നടത്തിയ പരിശോധനകള്‍ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി.
ഐഇഡികള്‍ നിര്‍മ്മിച്ച് രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഭാവിയില്‍ ലഷ്‌കര്‍- ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി ചേര്‍ന്ന് സ്വന്തം തീവ്രവാദ സംഘടന രൂപീകരിക്കാനും ഈ മെഡിക്കല്‍ സംഘം പദ്ധതിയിട്ടിരുന്നു.
വൈദ്യശാസ്ത്രം പോലുള്ള പ്രൊഫഷണല്‍ മേഖലകളിലേക്കുള്ള തീവ്രവാദ ഘടകങ്ങളുടെ നുഴഞ്ഞുകയറ്റത്തിന്റെ ആഴവും ഇത്തരത്തിലുള്ള സ്ലീപ്പര്‍ ടൈപ്പ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന അപകട സാധ്യതകളുമാണ് ഈ ഓപ്പറേഷന്‍ തുറന്നുകാട്ടുന്നത്.
ഫരീദാബാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ സ്ഥാപനമായ അല്‍-ഫല കോളേജ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവിടെയും പോലീസ് പരിശോധന നടത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗള്‍ഫില്‍ നിന്നുള്ള ധനസഹായത്തോടെ സ്ഥാപിതമായതാണ് ഈ കോളേജെന്ന് നാട്ടുകാരും അന്വേഷണ വൃത്തങ്ങളും അറിയിച്ചു. സാമ്പത്തിക സഹായം നല്‍കിയ വ്യക്തിയുടെ കുടുംബാംഗത്തിന്റെ സ്മരണയ്ക്കായാണ് കോളേജ് സ്ഥാപിച്ചത്. ഈ സ്ഥാപനവുമായി അറസ്റ്റിലായ ഡോ. മുസമിലിന് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
