റിലയന്‍സ് ഫൗണ്ടേഷന്റെ വന്‍താര വന്യജീവി സംരംഭം ലോകമെമ്പാടുനിന്നും പ്രശംസ നേടിയിട്ടുണ്ട്. ബോളിവുഡിലെയും കോര്‍പ്പറേറ്റ് മേഖലയിലെയും പ്രമുഖ വ്യക്തികള്‍ അതിന്റെ ദൗത്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും റിലയന്‍സ് ഫൗണ്ടേഷന്റെയും ബോര്‍ഡ് അംഗമായ അനന്ത് അംബാനിയാണ് വന്‍താരയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നുള്ള പദ്ധതിയാണ് വന്‍താര.
വന്‍താരയ്ക്ക് വേണ്ടിയുള്ള അനന്ത് അംബാനിയുടെ സമര്‍പ്പണത്തെ അഭിനന്ദിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള സുപ്രധാന അവസരമാണ് വന്‍താര എന്ന് അദ്ദേഹം പറഞ്ഞു. ഈ ഉദ്യമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം അനന്തിന്റെ മൃഗങ്ങളോടുള്ള അനുകമ്പ നിറഞ്ഞ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്തു. ''അനന്ത് നിങ്ങള്‍ക്ക് ഏറ്റവും വലുതും അനുകമ്പ നിറഞ്ഞതുമായ ഒരു ഹൃദയമുണ്ടെന്ന്'', കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വന്‍താര അവതരിപ്പിച്ചതിന് ശേഷം പങ്കുവെച്ച പോസ്റ്റില്‍ രണ്‍വീര്‍ പറഞ്ഞു.
advertisement
നടി കരീന കപൂറും അനന്ത് അംബാനിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും വന്‍താരയുടെ ശ്രദ്ധേയമായ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ''മൃഗക്ഷേമം മുന്‍നിര്‍ത്തി 200ല്‍ പരം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയുമാണ് വന്‍താരയില്‍ സംരക്ഷിച്ചു വരുന്നത്. ബ്രാവോയും അനന്തും അവരുടെ സംഘവും ചേര്‍ന്ന് ഇത്തരമൊരു വിസ്മയകരമായ സംരംഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്,'' കരീന പറഞ്ഞു.
വന്‍താരയിലെ വിദഗ്ധ സംഘം നടത്തിയ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച ശക്തി വീണ്ടെടുത്ത ടാര്‍സന്‍ എന്ന ആനയുടെ ഹൃദയസ്പര്‍ശിയായ കഥയും കരീന വെളിപ്പെടുത്തുകയുണ്ടായി.
വന്‍താര സ്ഥാപിച്ചതിന് ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹറും അനന്ത് അംബാനിയോട് നന്ദി രേഖപ്പെടുത്തിയിരുന്നു. മൃഗങ്ങളോടും വന്യജീവികളോടുമുള്ള അംബാനി കുടുംബത്തിന്റെ ആഴത്തില്‍ വേരൂന്നിയ സ്‌നേഹത്തിന് അടിവരയിടുന്നതാണ് വന്‍താരയെന്ന് പറഞ്ഞ അദ്ദേഹം ഈ ലക്ഷ്യം നേടുന്നതിനുള്ള അനന്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ദയയുടെ തെളിവാണ് വന്‍താരയെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.
നടി സാറ അലിഖാനും വന്‍താരയുടെ ലക്ഷ്യങ്ങളെ പിന്തുണച്ചിരുന്നു. നടി കരിഷ്‌മ കപൂറും എണ്ണമറ്റ മൃഗങ്ങളുടെ ജീവിതത്തില്‍ വന്‍താര ചെലുത്തിയ സ്വാധീനം തിരിച്ചറിഞ്ഞ് അതിന്റെ കാഴ്ചപ്പാടുകളെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ചിരുന്നു.
അവശതയിലായ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമപ്പുറമാണ് വന്‍താരയുടെ ലക്ഷ്യങ്ങള്‍.
കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ഭൂമി പട്നേക്കര്‍, ജാന്‍വി കപൂര്‍, വരുണ്‍ ശര്‍മ്മ, സോഷ്യൽ മീഡിയ താരം കുശ കപില, ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ താരനിരയെ ഉള്‍പ്പെടുത്തി ഒരു വീഡിയോ പ്രചാരണം വന്‍താര അനാവരണം ചെയ്തിരുന്നു. അവര്‍ ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീന്‍ ബെല്‍റ്റിനുള്ളിലാണ് വന്‍താര സ്ഥിതി ചെയ്യുന്നത്. ഏകദേശം 3500 ഏക്കര്‍ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങള്‍ക്ക് സ്വഭാവിക പരിതസ്ഥിതിയില്‍ അനുകൂലമായ ആവാസവ്യവസ്ഥയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധരായ ആളുകളുടെ സേവനവും ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്.
2100ല്‍ പരം ജീവനക്കാരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇക്കാലയളവിനുള്ളില്‍ തന്നെ വന്‍താര ശ്രദ്ധേയമായ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും നിന്നുമായി ഏകദേശം 200 പുള്ളിപ്പുലികളെ അവര്‍ രക്ഷിച്ചു. അവയില്‍ ഭൂരിഭാഗവും റോഡപകടങ്ങള്‍ക്കും മനുഷ്യ-വന്യജീവി സംഘട്ടനങ്ങള്‍ക്കും ഇരയായിരുന്നു. തമിഴ്‌നാട്ടിലെ ഒരു മുതലവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 1000ല്‍ പരം മുതലകളെയാണ് വന്‍താരയിലെത്തിച്ചത്. മുതലകളുടെ എണ്ണം ക്രമാതീതമായി പെരുകിയതാണ് കാരണം. കൂടാതെ, ആഫ്രിക്കയില്‍ വേട്ടയാടല്‍ ഭീഷണി നേരിടുന്ന മൃഗങ്ങള്‍, സ്ലൊവാക്യയില്‍ ദയാവധത്തിന് വിധേയമാക്കാന്‍ സാധ്യതയുള്ള മൃഗങ്ങള്‍, മെക്‌സിക്കോയിലെ ദുരിതമനുഭവിക്കുന്ന മൃഗങ്ങള്‍ എന്നിവയെല്ലാം വന്‍താരയില്‍ എത്തിച്ച് സംരക്ഷിച്ച് വരുന്നുണ്ട്.