ഇരട്ട ഗോപുരങ്ങളില്‍ (അതായത് അപെക്‌സ്, സെയാന്‍) ഒരു കെട്ടിടത്തിന് 103 മീറ്റര്‍ ഉയരവും മറ്റൊന്നിന് 97 മീറ്ററോളം ഉയരവുമാണ് ഉള്ളത്. നോയിഡയിലെ സെക്ടര്‍ 93-എയില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ഗോപുരങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവ് ചതുരശ്ര അടിക്ക് ഏകദേശം 267 രൂപയാണ്. അതായത് ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൊട്ടിടം പൊളിക്കുന്നതിന് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണക്കുകൂട്ടിയാല്‍ ഏകദേശം 20 കോടി രൂപ ചെലവ് വരും.
അതേസമയം, പൊളിക്കാന്‍ ചിലവാക്കുന്ന തുകയില്‍ സൂപ്പര്‍ടെക്ക് ഏകദേശം 5 കോടി രൂപ നല്‍കും. എന്നാല്‍ ബാക്കി 15 കോടി രൂപ 4,000 ടണ്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള 55,000 ടണ്‍ അവശിഷ്ടങ്ങള്‍ വിറ്റ് കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുകൂടാതെ, കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള കമ്പനിയായ എഡിഫൈസ് എഞ്ചിനീയറിംഗ് സമീപ പ്രദേശത്തുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് 100 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
advertisement
കെട്ടിടം പൊളിക്കാന്‍ ഹരിയാനയിലെ പല്‍വാളില്‍ നിന്ന് കൊണ്ടുവന്ന 3,700 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക. ഡൈനാമൈറ്റ്, എമല്‍ഷനുകള്‍, പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ മിശ്രിതമാണിത്.
കെട്ടിടം പൊളിക്കുന്നതിലൂടെ 55,000 ടണ്‍ അവശിഷ്ടങ്ങളാണ് ഉണ്ടാകുക. ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഏകദേശം മൂന്ന് മാസമെടുക്കും. 100 ഓളം തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്ന സംഘത്തില്‍ ഉണ്ടായിരിക്കുക.
ഇന്ത്യയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലെ വിദഗ്ധനയാ ചേതന്‍ ദത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 2.30 നാണ് കെട്ടിടം പൊളിക്കുന്നത്. പൊളിക്കാന്‍ ഏകദേശം 9 സെക്കന്‍ഡ് മാത്രം സമയമേ എടുക്കൂവെന്നാണ് ലഭിക്കുന്ന വിവരം.
സൂപ്പര്‍ടെക്കിന്റെ നഷ്ടം
സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടില്‍ ഒരു 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന്റെ വില ഏകദേശം 1.13 കോടി രൂപയാണ്. രണ്ട് കെട്ടിടങ്ങളിലായി ഏകദേശം 1,200 കോടി രൂപ വരുമാനം ലഭിക്കുന്ന 915 ഫ്‌ളാറ്റുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ആകെയുള്ള 915 ഫ്ളാറ്റുകളില്‍ 633 എണ്ണവും വില്‍ക്കുകയും 180 കോടിയോളം രൂപ കമ്പനിക്ക് ഇതില്‍ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ കെട്ടിടം പൊളിക്കുന്നതിനാല്‍ ഫ്‌ളാറ്റ് വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാന്‍ സൂപ്പര്‍ടെക്കിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
പൊളിക്കുന്നതിലെ സുരക്ഷാ നടപടികള്‍
കെട്ടിടം പൊളിക്കുന്നതില്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സമീപത്തെ താമസക്കാരെ സുരക്ഷിതമായി വിദൂര സ്ഥലത്തേക്ക് മാറ്റും. 'പൊളിക്കുന്ന സമയങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടാന്‍ പദ്ധതിയിട്ടിട്ടുണ്ട്. സ്ഥലത്തിന് സമീപം വാഹന ഗതാഗതം അനുവദിക്കില്ല. ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് നോയിഡ ഡിസിപി ട്രാഫിക് ഗണേഷ് ഷാ പറഞ്ഞു.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ടവറുകള്‍ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാണിച്ച് 2021 ഓഗസ്റ്റിലാണ് സുപ്രീം കോടതി സൂപ്പര്‍ ടെക് പൊളിക്കാന്‍ ഉത്തരവിട്ടത്. യുപി അപ്പാര്‍ട്ട്‌മെന്റ് ആക്ട് പ്രകാരം വ്യക്തിഗത ഫ്‌ളാറ്റ് ഉടമകളുടെ സമ്മതം വാങ്ങാതെയാണ് കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.