ഓപ്പറേഷൻ സിന്ദൂറിനിടെ തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ. ബുധനാഴ്ച റാഫേൽ യുദ്ധവിമാനത്തിൽ പറക്കാനായി ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയ്ക്കൊപ്പം സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും ശിവാംഗി സിംങിനെ യുദ്ധത്തടവുകാരായി പിടികൂടിയെന്നുമുള്ള പാകിസ്ഥാന്റെ വ്യാജ പ്രചരണത്തിനുള്ള കനത്ത തിരിച്ചടിയായി ചിത്രം മാറി.
advertisement
ഉത്തർപ്രദേശിലെ വാരണാസിയി സ്വദേശിയായ ശിവാംഗി സിംഗ് ഇന്ത്യയിലെ ഏക വനിതാ റഫേൽ പൈലറ്റാണ്. 2017-ൽ ഐ.എ.എഫ്-ൻ്റെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലാണ് ശിവാംഗി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് . തുടർന്ന് 2020-ലാണ് ശിവാംഗി സിംഗിനെ റഫാൽ പൈലറ്റായി തിരഞ്ഞെടുത്തത്.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ഇന്ത്യ നടത്തിയ ആക്രമണമായ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്താണ് ശിവാംഗിയുടെ പേര് വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.
റാഫേൽ ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുവെന്നും, വെടിവെച്ചിട്ട വിമാനത്തിൽ നിന്ന് ചാടിയ ശേഷം സിയാൽകോട്ടിനടുത്ത് വെച്ച് ശിവാംഗി സിംഗ് പിടിക്കപ്പെട്ടുവെന്നുമായിരുന്നു പാകിസ്ഥാന്റെ അവകാശ വാദം.ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ് പാകിസ്ഥാനിൽ പിടിക്കപ്പെട്ടതായുള്ള പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ അവകാശവാദം വ്യാജമാണ് കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്കിംഗ് ടീം പിന്നീട് വ്യക്തമാക്കിയിരുന്നു.
