റാഹിയുടെ സ്ഥലമാറ്റം സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചതെന്നും അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് അറിയില്ലെന്നും ഷാജഹാന്‍പുര്‍ ജില്ലാ കളക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് റാഹി. ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അദ്ദേഹം പുവായനില്‍ സബ് ഡിസ്ട്രിക്ട് എസ്ടിഎമ്മായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത ഉടനെ ശുചിത്വസൗകര്യങ്ങളെ ചൊല്ലിയുള്ള സംഘര്‍ഷമാണ് പ്രതിഷേധമായി മാറിയത്. വൈകുന്നേരത്തോടെ അദ്ദേഹത്തെ പുവായനില്‍ നിന്ന് മാറ്റുകയും ലക്‌നൗവിലെ റവന്യൂ ബോര്‍ഡില്‍ നിയമിക്കുകയും ചെയ്തു.
ചുമതലയേറ്റെടുത്ത് ഉടനെ അദ്ദേഹം ഓഫീസിന്റെ പരിസരം പരിശോധിക്കാന്‍ പോയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അഭിഭാഷകനായ അജ്‌ന്യാറാമിന് വേണ്ടി ജോലി ചെയ്യുന്ന ക്ലര്‍ക്ക് ഓഫീസ് സമുച്ചയത്തിന്റെ ചുവരില്‍ തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കുന്നത് അദ്ദേഹം കണ്ടു. ഇതില്‍ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ക്ലര്‍ക്കിനെ ശാസിക്കുകയും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ടോയ്‌ലറ്റുകള്‍ വൃത്തിഹീനവും ഉപയോഗശൂന്യവുമാണെന്ന് ക്ലര്‍ക്ക് റാഹിയെ അറിയിച്ചു. ഇതിനോട് എസ്ഡിഎം രൂക്ഷമായി പ്രതികരിച്ചു. തുടര്‍ന്ന് അവിടെ വെച്ചുതന്നെ ക്ലര്‍ക്കിനെക്കൊണ്ട് ഏത്തമിടീക്കുകയും ചെയ്തു.
advertisement
തെറ്റുതിരുത്താനുള്ള നടപടിയായാണ് റാഹി ഇതിനെ കണ്ടതെങ്കിലും സമീപത്ത് കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു അഭിഭാഷകര്‍ ഇക്കാര്യം അറിയുകയും വിവാദമാകുകയും ചെയ്തു. ക്ലര്‍ക്കിനെ അപമാനിച്ചുവെന്ന് കാട്ടി അഭിഭാഷകര്‍ റാഹിക്കെതിരേ പ്രതിഷേധിച്ചു.
ശരിയായ ശുചിത്വം പാലിക്കുന്നതില്‍ ഭരണകൂടം തന്നെ പരാജയപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ക്ലര്‍ക്കിനെ ശിക്ഷിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്നും അഭിഭാഷകര്‍ ചോദിച്ചു. ''ടോയ്‌ലറ്റുകള്‍ ഇത്രയും പരിതാപകരമായ അവസ്ഥയിലാണെങ്കില്‍ അഭിഭാഷകരും അവരുടെ ക്ലര്‍ക്കുകളും എവിടെ പോകണം,'' ഒരു അഭിഭാഷകന്‍ ചോദിച്ചു. തുടര്‍ന്ന് റാഹിയോടും എത്തമിടാന്‍ അഭിഭാഷകര്‍ വെല്ലുവിളിച്ചു. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തി റാഹി അവരുടെ മുന്നില്‍വെച്ച് തന്നെ ഏത്തമിടുകയായിരുന്നു.
തെറ്റുസമ്മതിക്കുന്നതില്‍ ഒരു നാണക്കേടുമില്ലെന്ന് റാഹി അവിടെക്കൂടിയ ജനക്കൂട്ടത്തോട് പറഞ്ഞു. ''മറ്റുള്ളവര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഞാനും അവരെ പിന്തുടരണം,'' അദ്ദേഹം പറഞ്ഞു. അവിടെയുണ്ടായിരുന്ന അഭിഭാഷകരും ക്ലര്‍ക്കുമാരും അദ്ദേഹത്തെ തടയുന്നതിന് മുമ്പ് തന്നെ റാഹി ഏത്തമിടാന്‍ തുടങ്ങി. ഇതിനിടെ തുറസ്സായ സ്ഥലത്ത് താന്‍ മൂത്രമൊഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ''ടോയ്‌ലറ്റുകളുടെ മോശം അവസ്ഥ ഉറപ്പായും ഭരണകൂടത്തിന്റെ പരാജയമാണ്. ഇവിടുത്തെ ശുചിത്വകാര്യങ്ങള്‍ വൈകാതെ തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,'' റാഹി പറഞ്ഞു.
റാഹി ഏത്തമിടുന്ന വീഡിയോ വളരെവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലര്‍ റാഹിയുടെ വിനയത്തെയും സത്യസന്ധതയെയും പ്രശംസിച്ചപ്പോള്‍ മറ്റുചലര്‍ അന്തസ്സ് തകര്‍ന്നതായി വിമര്‍ശിച്ചു.
അന്ന് രാത്രിയോടെ റാഹിയെ സ്ഥലം മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
''എസ്ഡിഎം അഭിഭാഷകരുടെ മുന്നില്‍ ഏത്തമിടുന്ന സംഭവം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇരുവിഭാഗങ്ങളോടും സംസാരിക്കാന്‍ എഡിഎം ജുഡീഷ്യല്‍ റാഷിദ് അലി ഖാനെ അയച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ അടുത്ത നടപടി എന്തെന്നതില്‍ തീരുമാനമെടുക്കൂ,'' ഷാജഹാന്‍പൂര്‍ അഡ്മിനിസ്‌ട്രേഷന്‍ എഡിഎം രജനീഷ് മിശ്ര പറഞ്ഞു.
ഹാത്രസിലാണ് റാഹിയുടെ ജനനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം സ്‌കോളര്‍ഷിപ്പോടെയാണ് ജംഷഡ്പൂരില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയത്.
2004ല്‍ ഉത്തര്‍പ്രദേശ് പ്രൊവിഷ്യല്‍ സിവില്‍ സര്‍വീസസ് പരീക്ഷ പാസായ അദ്ദേഹത്തെ 2008ല്‍ മുസാഫര്‍നഗര്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസറായി നിയമിച്ചു. ഇവിടെവെച്ചാണ് അദ്ദേഹം 100 കോടിയുടെ സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ കുംഭകോണം കണ്ടെത്തുന്നത്. ഇതില്‍ ഉന്നതവ്യക്തികളും ഉള്‍പ്പെട്ടിരുന്നതായി ആരോപണമുണ്ട്.
2009ല്‍ സഹപ്രവര്‍ത്തകോടൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ രണ്ട് പേര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ഏഴ് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളഞ്ഞ് കയറിയത്. മുഖത്ത് രണ്ട് വെടിയുണ്ടകളേറ്റു. അദ്ദേഹത്തിന്റെ താടിയെല്ല് തകര്‍ന്നു. മുഖം വികൃതമായി. ഒരു ചെവിയുടെ കേള്‍വിശക്തി പോകുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഒരു മാസത്തോളം മീററ്റിന്റെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
ജോലിയില്‍ തിരികെ പ്രവേശിച്ച അദ്ദേഹം അഴിമതിയുടെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിന് വിവരാവകാശ അപേക്ഷകള്‍ നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തോളം അദ്ദേഹത്തിന് ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ലഖ്‌നൗ ഡയറക്ടറേറ്റിന് പുറത്ത് നിരാഹാര സമരം നടത്തി. പോലീസ് അദ്ദേഹത്തെ നിര്‍ബന്ധിച്ച് മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.
40ാം വയസ്സില്‍ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 683ാം റാങ്ക് നേടി. 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി നിയമിതനായി.